യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സന്ധി സംഭാഷണത്തിന് തയ്യാറാണെന്ന് അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യയ്ക്ക് മേല്‍ നികുതിയും ഉപരോധവും ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് പുടിന്റെ നീക്കം.
'ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അമേരിക്കയുടെ പുതിയ പ്രസിഡന്റ് തയ്യാറാണ് എന്നതിനെ വിശ്വാസത്തിലെടുക്കുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായി സന്ധി സംഭാഷണത്തിന് റഷ്യ തയ്യാറാണ്,' പുടിന്‍ റഷ്യന്‍ മാധ്യമത്തോട് പ്രതികരിച്ചു.
അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ചകള്‍ നടത്തുന്നത് ബുദ്ധിമുട്ടാണെന്നും പുടിന്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ നികുതിയും ഉപരോധവും ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപ് റഷ്യയ്ക്ക് നല്‍കിയ മുന്നറിയിപ്പ്. ഭരണത്തിലെത്തിയാല്‍ ഒരു ദിവസത്തിനുളളില്‍ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ അവകാശ വാദം. ഈ നീക്കം നയതന്ത്രത്തിലൂടെ നടപ്പാക്കുമെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ നയതന്ത്രത്തിന്റെ ഭാഷ മാറ്റി റഷ്യക്കെതിരെ ഭീഷണിയുമായാണ് ട്രംപ് രംഗത്തെത്തിയത്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നുമാണ് ട്രംപിന്റെ ഭീഷണി. യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ട്രംപ് യുദ്ധത്തില്‍ കൂടുതല്‍ നിലപാട് കടുപ്പിക്കുകയാണെന്നാണ് നിലവിലെ വിലയിരുത്തലുകള്‍.
ട്രംപിന്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു അനധികൃത കുടിയേറ്റം. അധികാരമേറ്റതിന് തൊട്ടുപിന്നാലെ തെക്കന്‍ അതിര്‍ത്തിയില്‍ ട്രംപ് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 1500ഓളം അധിക സൈനികരെ യുഎസ് -മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് അയക്കാന്‍ തീരുമാനിക്കുന്നത്.