NEWSROOM

"നിർത്തൂ വ്‌ളാഡിമിർ"; യുക്രെയ്ൻ ആക്രമണത്തിൽ റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

റഷ്യൻ ആക്രമണങ്ങളിൽ താൻ അസംതൃപ്തനാണെന്നും, ആവശ്യമില്ലാതെ നടത്തുന്ന റഷ്യയുടെ നീക്കം നിർത്തി വെക്കണമെന്നും ട്രംപ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

യുക്രെയ്‌നിൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന റഷ്യൻ ആക്രമണങ്ങളിൽ താൻ അസംതൃപ്തനാണെന്നും, ആവശ്യമില്ലാതെ നടത്തുന്ന റഷ്യയുടെ നീക്കം നിർത്തി വെക്കണമെന്നും ട്രംപ് അറിയിച്ചു.


ഡ്രോണുകളും മിസൈലുകളും ഉൾപ്പെടെ വിക്ഷേപിച്ചു കൊണ്ടാണ് കീവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് റഷ്യ ആക്രമണം നടത്തിയത്. കീവിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെട്ടതായും, 90ഓളം പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ അറിയിച്ചു. തകർന്നുവീണ കെട്ടിടത്തിനുള്ളിൽ നിരവധി പേർ 12 മണിക്കൂറോളം കുടുങ്ങിക്കിടന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.



ഖാര്‍കീവില്‍ ഏഴ് മിസൈലുകളും 12 കാമികാസേ ഡ്രോണുകളുമാണ് പതിച്ചത്. ജനസാന്ദ്രത കൂടിയ പ്രദേശത്ത് അടുത്തിടെ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഇതെന്നായിരുന്നു ഖാര്‍കീവ് മേയര്‍ ഇഹോര്‍ തെരേഖോവിൻ്റെ പ്രതികരണം. സമാധാനത്തിനായി ശ്രമിക്കുന്നതിനിടെ റഷ്യ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ചു കൊണ്ടാണ് ട്രംപ് രംഗത്തെത്തിയത്.

യുക്രെയ്‌നില്‍ നിന്നും റഷ്യ 2014ല്‍ പിടിച്ചെടുത്ത ക്രിമിയ എന്ന പ്രദേശം  നഷ്ടപ്പെട്ടതായി അംഗീകരിക്കണമെന്നും യുക്രെയ്‌ന് നാറ്റോ അംഗത്വം പാടില്ലെന്നുമായിരുന്നു സാമാധാനത്തിനായി റഷ്യ മുന്നോട്ടു വെച്ച വ്യവസ്ഥ. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് സെലന്‍സ്‌കി അറിയിച്ചു. ഇതിനെതിരെ ട്രംപ് രംഗത്തെത്തി. എന്തുകൊണ്ട് 11 വര്‍ഷം മുൻപേ ഇതിനെതിരെ യുക്രെയ്ന്‍ പോരാടിയില്ല എന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം.

റഷ്യ ക്രൈമിയ പിടിച്ചെടുത്തത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. ഇതിന് പിന്നാലെ ട്രംപ് വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തി. സമാധാന കരാറിന് തൊട്ടരികില്‍ നില്‍ക്കെ യുക്രെയ്ന്‍ കടുംപിടുത്തം അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ട്രംപ് പറഞ്ഞു.ഇതിനുപിന്നാലെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്.

SCROLL FOR NEXT