NEWSROOM

ബാര്‍ മുതലാളിമാര്‍ക്ക് ചുമതല നല്‍കരുത്; അടൂര്‍ പ്രകാശിനെ KPCC അധ്യക്ഷനായി പരിഗണിക്കുന്നതിൽ പരോക്ഷ വിമർശനവുമായി വി.എം. സുധീരൻ

വ്യക്തി ജീവിതത്തില്‍ പാലിക്കേണ്ട പരിശുദ്ധി, സാമൂഹ്യ ജീവിതത്തില്‍ പാലിക്കേണ്ട പരിശുദ്ധി എന്നിവ പാലിച്ച് മുന്നോട്ട് പോയി നമ്മുടെ സമൂഹത്തെ രക്ഷിക്കാന്‍ വേണ്ടിയുള്ള വലിയ ശ്രമം എത്രയും വേഗത്തില്‍ ഉണ്ടാവണം

Author : ന്യൂസ് ഡെസ്ക്


അടൂര്‍ പ്രകാശിനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ പരോക്ഷ വിമര്‍ശനവുമായി വി.എം. സുധീരന്‍. നിര്‍ണായകമായ ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പ് ന്യൂസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ മുതലാളിമാര്‍ക്ക് പാര്‍ട്ടി ചുമതല നല്‍കരുതെന്ന തന്റെ നിലപാടില്‍ മാറ്റമില്ല. മദ്യത്തിനെതിരെ മാതൃക കാട്ടേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. നേതാക്കള്‍ക്ക് വ്യക്തി ശുദ്ധി വേണം. ലഹരിക്ക് എതിരെയുള്ള പോരാട്ടം രാഷ്ട്രീയ സമൂഹം ഏറ്റെടുക്കണമെന്നും വി.എം. സുധീരന്‍ പറഞ്ഞു.

'ഒറ്റക്കെട്ടായി ഒരുമിച്ചു മുന്നോട്ട് പോവുക. അതിന് രാഷ്ട്രീയ നേതാക്കള്‍ മാതൃകയായി പ്രവര്‍ത്തിക്കണം. അതിന് ഗാന്ധിജി കാണിച്ചു തന്ന ഒരു പാതയുണ്ട്. മറ്റു മഹാന്മാരായ നേതാക്കള്‍ കാണിച്ചു തന്ന ഒരു പാതയുണ്ട്. അതുപോലെ വ്യക്തി ജീവിതത്തില്‍ പാലിക്കേണ്ട പരിശുദ്ധി, സാമൂഹ്യ ജീവിതത്തില്‍ പാലിക്കേണ്ട പരിശുദ്ധി എന്നിവ പാലിച്ച് മുന്നോട്ട് പോയി നമ്മുടെ സമൂഹത്തെ രക്ഷിക്കാന്‍ വേണ്ടിയുള്ള വലിയ ശ്രമം എത്രയും വേഗത്തില്‍ ഉണ്ടാവണം,' വി.എം. സുധീരന്‍ പറഞ്ഞു.

മദ്യത്തിനെതിരായ പോരാട്ടം തുടരും. അതുകൊണ്ട് തന്നെ മദ്യ മുതലാളിമാരായവര്‍ ഒരിക്കലും രാഷ്ട്രീയ നേതൃത്വ സ്ഥാനം ഏറ്റെടുക്കരുതെന്നും വി.എം. സുധീരന്‍ പറഞ്ഞു. കെ. സുധാകരന് പകരമായി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അടൂര്‍ പ്രകാശ് എത്തിയേക്കും എന്ന സൂചനകള്‍ക്കിടെയാണ് നിലപാട് വ്യക്തമാക്കി വി.എം. സുധീരന്റെ പ്രതികരണം.

അതേസയം കൃത്യസമയത്ത് യോഗം വിളിച്ചു ചേര്‍ത്തതില്‍ ഹൈക്കമാന്‍ഡിനോട് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുണ്ടെന്നും വേണ്ട സമയത്ത് എടുത്ത മികച്ച തീരുമാനമാണിതെന്നും ഒറ്റക്കെട്ടായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും വി.എം. സുധീരന്‍ എത്തി.

അതേസമയം കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മാറുമോ എന്ന ചോദ്യത്തിന് കെ സുധാകരന്‍ മാധ്യമങ്ങളോട് ക്ഷോഭിച്ചു. അങ്ങ് പോയി ചോദിക്കെന്നും നിങ്ങളെ കാണാനോ പ്രതികരിക്കാനോ താല്‍പര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

SCROLL FOR NEXT