NEWSROOM

ചെലവു ചുരുക്കൽ നയം: തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി ഫോക്സ്‌വാഗന്‍

ചെലവുചുരുക്കാതെ പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് കമ്പനിയുടെ വാദം

Author : ന്യൂസ് ഡെസ്ക്

ജർമ്മനിയിലെ പ്ലാന്‍റുകള്‍ അടച്ചുപൂട്ടാനും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനും ഒരുങ്ങി വാഹന കമ്പനിയായ ഫോക്സ്‌വാഗന്‍. ചെലവുചുരുക്കാതെ പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് കമ്പനിയുടെ വാദം. ഡിസംബറോടെ തീരുമാനം നടപ്പിലാക്കും. ഇത് യൂറോപ്പിന്‍റെ വാഹന രംഗത്തെ തകർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

1937 ല്‍ നാസി പാർട്ടിക്ക് കീഴിലെ ജർമ്മന്‍ ലേബർ ഫ്രണ്ട് 'പീപ്പിള്‍സ് കാർ' എന്ന നിലയില്‍ സാധാരക്കാർക്കുവേണ്ടി സ്ഥാപിച്ച കമ്പനിയാണ് ഫോക്‌സ്‌വാഗന്‍. നാസി സൈന്യത്തിനുവേണ്ടി യുദ്ധോപകരണങ്ങള്‍ നിർമിച്ചതും, നാസി അടിമകളെ തൊഴില്‍ചൂഷണത്തിന് വിധേയരാക്കിയതും തുടങ്ങി ഫോക്സ്‌വാഗന് നീണ്ട കാലത്തെ ചരിത്രമുണ്ട്.

6 ഫോക്സ്‌വാഗന്‍ പ്ലാന്‍റുകളിലെ തൊഴിലാളികള്‍ക്ക് 20ാം നൂറ്റാണ്ടുമുതല്‍ നല്‍കിവന്ന തൊഴില്‍ സുരക്ഷ പിന്‍വലിച്ച നീക്കത്തോടെയാണ് കമ്പനിയിൽ പ്രശ്നങ്ങളാരംഭിക്കുന്നത്. 2025 ഓടെ കൂട്ടപ്പിരിച്ചുവിടലിന് തയ്യാറെടുക്കുന്നുവെന്നതിൻ്റെ മുന്നറിയിപ്പെന്നോളമായിരുന്നു ഇത്. നാസി ജർമ്മനി കാലത്ത് ട്രേഡ് യൂണിയനില്‍ നിന്ന് പലിശയെന്ന പേരില്‍ തട്ടിയെടുത്ത തൊഴിലാളികളുടെ പണത്തിലാണ് ഫോക്സ്‍‌വാഗന്‍ ഉയർന്നതെന്നും 87 വർഷക്കാലപ്പഴക്കമുള്ള ചരിത്രം വിസ്മരിക്കരുതെന്നും ഇതിനോട് തൊഴിലാളി യൂണിയനായ ഐജി മെറ്റല്‍ തുറന്നടിച്ചിരുന്നു.

ജർമ്മനിയിലെ ഏറ്റവും പ്രബലമായ ട്രേഡ് യൂണിയനായ ഐജി മെറ്റലിന്‍റെ പ്രതിനിധികളുമായി ഇക്കഴിഞ്ഞ ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് ഉത്പാദനചെലവ് താങ്ങാനാകുന്നില്ലെന്നും, രാജ്യത്തെ പല പ്ലാന്‍റുകളും അടച്ചുപൂട്ടേണ്ട ഗതിയിലാണെന്നും ഫോക്സ്‍‌വാഗന്‍ പ്രഖ്യാപിച്ചത്. വേതന വർദ്ധന അടക്കം ട്രേഡ് യൂണിയന്‍റെ എല്ലാ ആവശ്യങ്ങളും തള്ളിയ മാനേജ്‌മെന്‍റ് ഇത് കമ്പനിയുടെ നിലനില്‍പ്പിന്‍റെ പ്രശ്നമാണെന്ന് തറപ്പിച്ചുപറഞ്ഞു. ഫോക്സ്‌വാഗനാരോപിക്കുന്ന വ്യാവസായിക പ്രതിസന്ധി യൂറോപ്പിനെയാകെ ബാധിച്ചതായാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്.

റോയിട്ടേഴ്സ് ഗ്ലോബല്‍ ഡാറ്റയില്‍ നിന്ന് ശേഖരിച്ച കണക്കുപ്രകാരം, ലോകത്തിലെ 6 പ്രധാന വാഹന നിർമാതാക്കള്‍ നേരിടുന്ന പ്രതിസന്ധിയുടെ ഒരംശം മാത്രമാണ് ജർമ്മനിയില്‍ ഫോക്സ്‌വാഗന്‍ നേരിടുന്നത്. ജർമ്മന്‍ കമ്പനികളായ മെർസീഡീസ് ബെന്‍സ്, ബിഎംവി, ഫ്രഞ്ചുകമ്പനിയായ റെനോള്‍ട്ട്, നെതർലന്‍ഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെല്ലാർ, അമേരിക്കയുടെ ഫോർഡ് എന്നിങ്ങനെ പ്രമുഖ വാഹനനിർമാതാക്കളെല്ലാം ചെലവുചുരുക്കലിന്‍റെ പാതയിലാണ്.


2021 ല്‍ ആരംഭിച്ച റെനോള്‍ട്ടിന്‍റെ 3 ബില്ല്യണ്‍ ചെലവുചുരുക്കലിന്‍റെ ഭാഗമായി പതിനായിരക്കണക്കിന് പേരെയാണ് ഇതുവരെ പിരിച്ചുവിട്ടത്. സ്റ്റെല്ലാർ 2021-2024 കാലഘട്ടത്തില്‍ പിരിച്ചുവിട്ടത് 20,000 ത്തോളം തൊഴിലാളികളെയും. ജർമ്മനിയിലെ പ്ലാന്‍റ് അടച്ചുപൂട്ടി സ്പെയ്നിലേക്ക് കൊണ്ടുപോകാനുള്ള ഫോർഡിന്‍റെ നീക്കത്തോടെ 5400 തൊഴിലുകളാണ് ഇല്ലാതാവാൻ പോകുന്നത്. ഉത്പാദനചെലവാണ് ഈ പ്രതിസന്ധിയുടെ മൂലകാരണമായി ഉയർത്തുന്നത്. യൂറോപ്പിലെ 8 പ്രധാന വാഹനനിർമ്മാണ കേന്ദ്രങ്ങളെടുത്താല്‍ അതില്‍ ഉത്പാദന ചെലവ് കൂടിയ- ജർമ്മനി, ഫ്രാന്‍സ്, ഇറ്റലി, യുകെ രാജ്യങ്ങളിലാണ് വാഹനനിർമ്മാതാക്കളാണ് പ്രതിസന്ധി നേരിടുന്നത്.

തൊഴിലവസരങ്ങള്‍ കൂട്ടാന്‍ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് സർക്കാരും-തൊഴിലാളി യൂണിയനും സമ്മർദ്ദം ചെലുത്തുമ്പോള്‍ കൂടുതല്‍ പ്ലാന്‍റുകള്‍ അവതരിപ്പിക്കേണ്ടിവരുന്നു. എന്നാല്‍ പല പ്ലാന്‍റുകളിലും ഉത്പാദനക്ഷമതയുടെ 30 ശതമാനം മാത്രമാണ് ഉപയോഗപ്പെടുത്തപ്പെടുന്നത്. ഇത് സാമ്പത്തികമായി തിരിച്ചടിക്കുന്നു എന്നാണ് കമ്പനികളുടെ ആരോപണം. ഇതിനുപുറമെയാണ് ഉയർന്ന നികുതി ഭാരവും തൊഴിലാളി വേതനവും കൊടുക്കേണ്ടി വരുന്നത്.


മണിക്കൂറില്‍ ശരാശരി 59 യൂറോയാണ് ജർമ്മനിയിലെ ഒരു ഫാക്ടറി തൊഴിലാളിയുടെ വേതനം. ചെക്ക് റിപബ്ലിക്കില്‍ ഇത് 21 യൂറോയും, ഹംഗറിയില്‍ 16 യൂറോയും മാത്രമാണ്. യൂറോപ്പിന് പുറത്തേക്ക് നോക്കിയാല്‍ ചൈനയില്‍ അതേ തൊഴിലിലുള്ള ഒരാള്‍ക്ക് ലഭിക്കുന്നത് മണിക്കൂറില്‍ 3 യൂറോയ്ക്ക് സമാനമായ കൂലിയും. അതേസമയം, വില്‍പ്പനയിലും ഇടിവുണ്ടായിട്ടുണ്ട്. ഈ ഓഗസ്റ്റില്‍ 18 ശതമാനത്തിന്‍റെ ഇടിവാണ് വില്‍പ്പനയിലുണ്ടായത്. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ 44 ശതമാനത്തിന്‍റെ ഇടിവും ഉണ്ടായി.

എന്നാല്‍, ഫോക്സ്‌വാഗന്‍റേത് സ്വയം വരുത്തിവെച്ച വീഴ്ചയാണെന്നും അതില്‍ തൊഴിലാളികളെ പഴിചാരേണ്ട എന്നുമാണ് യൂണിയന്‍റെ പ്രതികരണം. പ്രശ്നപരിഹാരമുണ്ടാകാത്ത പക്ഷം, ഡിസംബർ മുതല്‍ സമരത്തിലേക്ക് എന്നാണ് മുന്നറിയിപ്പ്. അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജർമ്മനിയിലെ സഖ്യസർക്കാരിന് സമരം വലിയ ഭീഷണിയാകും. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക തൊഴിലാളി സംഘടനയാണ് ഐജി മെറ്റല്‍ എന്നിരിക്കെ, ജർമ്മനിയിലെ സമരം, യൂറോപ്പിലെ മറ്റു ട്രേഡ് യൂണിയനുകളും മാതൃകയാക്കുമോ എന്ന ഭയം വ്യവസായ ഭീമന്മാരെ വലയ്ക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.

SCROLL FOR NEXT