NEWSROOM

ബോയിങ് തൊഴില്‍ കരാറില്‍ വോട്ടിങ് കഴിഞ്ഞു; തൊഴിലാളികള്‍ പണിമുടക്കിലേക്ക് നീങ്ങുമോയെന്ന് ഇന്നറിയാം

ബ്രാൻഡിന്‍റെ വിശ്വാസ്യത ചോദ്യംചെയ്യപ്പട്ട സമയത്താണ് ബോയിങ്ങിലെ തൊഴിലാളികൾ സമരത്തിനായി ഒരുങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്

യുഎസ് അടിസ്ഥാനമാക്കിയുള്ള ബോയിങ്ങ് വിമാന കമ്പനി തയ്യാറാക്കിയ തൊഴിൽ കരാറിന്‍റെ ഭാവി എന്താണെന്ന് ഇന്നറിയാം. കരാർ വേണോ വേണ്ടയോ എന്നതിൽ ഇന്നലെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. കരാർ വേണ്ട എന്നതിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ ബോയിങ് തൊഴിലാളികൾ ഇന്ന് അർദ്ധരാത്രി മുതൽ സമരം ആരംഭിക്കും. ഇത് ബോയിംഗിന്‍റെ 737 മാക്സ്, 767, 777 എന്നീ മോഡലുകളുടെ നിർമാണത്തെ ബാധിക്കും.

ബ്രാൻഡിന്‍റെ വിശ്വാസ്യത ചോദ്യംചെയ്യപ്പട്ട സമയത്താണ് ബോയിങ്ങിലെ തൊഴിലാളികൾ സമരത്തിനായി ഒരുങ്ങുന്നത്. കമ്പനിയുടെ തൊഴില്‍ കരാറിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ സിഇഒ കെല്ലി ഔട്ട്ബർഗ് പുതിയ കരാറിന് രൂപം നൽകിയത്. ഇത് അംഗീകരിക്കണോ എന്നത് സംബന്ധിച്ച് തൊഴിലാളി സംഘടനകൾ വ്യാഴാഴ്ച വോട്ടെടുപ്പ് നടത്തി. തൊഴിലാളികള്‍ 40 ശതമാനം വേതന വർധന ആവശ്യപ്പെട്ടപ്പോള്‍ കരാർ 20 ശതമാനം വർധന മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. കരാറിനെതിരാണ് വോട്ടെടുപ്പ് ഫലമെങ്കിൽ, ബോയിങ്ങിന്‍റെ സിയാറ്റിൽ, പോർട്ട്‌ലാൻഡ് എന്നിവിടങ്ങളിലെ നിർമാണ യൂണിറ്റിലെ തൊഴിലാളികൾ പണിമുടക്ക് ആരംഭിക്കും.

ALSO READ: ലോകത്ത് ആദ്യമായി പഠനേതര ബഹിരാകാശ നടത്തം; വിജയകരമാക്കി മസ്കിൻ്റെ സ്പേസ് എക്സ് ഏജൻസി

ജനുവരിയിൽ 737 മാക്സ് വിമാനത്തിന്‍റെ വാതിലിന്‍റെ ഒരു പാളി യാത്രയ്ക്കിടയിൽ ഇളകി പോയതിനെ തുടർന്ന് ബോയിങ്ങിന്‍റെ നിർമാണത്തിലെ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് മുൻപ് മറ്റ് മോഡലുകളിലെ പിഴവുകളും ഇതോടെ ചർച്ചയായി. പുതിയ വിമാന മോഡലുകൾ നിർമിക്കുമ്പോഴും, വൻ കടക്കെണിയിലേക്ക് നീങ്ങുന്നത് കമ്പനിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനിടെയാണ് തൊഴിലാളി പ്രതിഷേധം ശക്തമാകുന്നത്. കരാർ നടപ്പായില്ലെങ്കിൽ, നിലവിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടതിലേക്ക് കാര്യങ്ങള്‍ എത്തും. ഇത് കരാറുകൾ പാലിക്കപ്പെടാത്ത അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. തൊഴിലാളി സമരം അങ്ങനെ ബോയിങ്ങിനെ കൂടുതൽ കടക്കെണിയിലേക്ക് തള്ളിവിടും. ഒരു മാസം മുൻപ് സിഇഒ ആയി ചുമതലയേറ്റ കെല്ലി ഔട്ട്ബർഗിന് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 2018നും 2019ലും ബോയിങ് 737 മാക്‌സ് ജെറ്റ്‌ലൈനർ വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ട സംഭവങ്ങളില്‍ കമ്പനി കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.

SCROLL FOR NEXT