NEWSROOM

'മതപരമായ വിവേചനം പാടില്ല'; മുസ്ലീം നെയ്ത്തുകാരുടെ ഉടയാടകള്‍ ബഹിഷ്‌കരിക്കണമെന്ന് ഹിന്ദുത്വ ഗ്രൂപ്പിന്റെ ആവശ്യം തള്ളി വൃന്ദാവനിലെ ക്ഷേത്രം

ഹിന്ദുത്വ സംഘടനയായ ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘര്‍ഷ് ന്യാസിന്റെ നേതാവ് ദിനേശ് ശര്‍മയാണ്, വൃന്ദാവന്‍ ക്ഷേത്രത്തില്‍ മുസ്ലീം നെയ്ത്തുകാര്‍ തുന്നിയ ഉടയാടകള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

Author : ന്യൂസ് ഡെസ്ക്

ഉത്തര്‍പ്രദേശില്‍ മതപരമായ ഭിന്നിപ്പിനായുള്ള ശ്രമങ്ങള്‍ വര്‍ധിക്കുന്ന ഈ കാലത്ത്, ശക്തമായ ഒരു നിലപാടിലൂടെ ശ്രദ്ധിക്കപ്പെടുകയാണ് വൃന്ദാവനിലെ പ്രശസ്തമായ ബാങ്കെ ബിഹാരി ക്ഷേത്രം. വിഗ്രഹത്തിനായി മുസ്ലിം നെയ്ത്തുകാര്‍ നിര്‍മിക്കുന്ന ഉടയാടകള്‍ ബഹിഷ്‌കരിക്കണമെന്ന ഹിന്ദുത്വ ഗ്രൂപ്പിന്റെ ആവശ്യം തള്ളിയാണ് ക്ഷേത്രത്തിലെ പുരോഹിതന്മാര്‍ രംഗത്തെത്തിയത്. ക്ഷേത്രത്തിന്റെ ആചാരങ്ങളിലും പാരമ്പര്യങ്ങളിലും മതപരമായ വിവേചനങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നും പുരോഹിതന്മാര്‍ വ്യക്തമാക്കി.

ഹിന്ദുത്വ സംഘടനയായ ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘര്‍ഷ് ന്യാസിന്റെ നേതാവ് ദിനേശ് ശര്‍മയാണ്, വൃന്ദാവന്‍ ക്ഷേത്രത്തില്‍ മുസ്ലീം നെയ്ത്തുകാര്‍ തുന്നിയ ഉടയാടകള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. മാംസാഹാരം കഴിക്കുന്നവരും, ഹിന്ദു പാരമ്പര്യങ്ങളെയും, ഗോരക്ഷയെയും മാനിക്കാത്തവരും നിര്‍മിക്കുന്ന വസ്ത്രങ്ങള്‍ കൃഷ്ണ വിഗ്രഹത്തെ ധരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടന ക്ഷേത്ര ട്രസ്റ്റിന് കത്ത് നല്‍കി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

എന്നാല്‍, ക്ഷേത്രത്തിലെ ആചാരങ്ങളില്‍ മതപരമായ വിവേചനങ്ങള്‍ക്ക് സ്ഥാനമില്ലെന്നായിരുന്നു പുരോഹിതന്മാരുടെ മറുപടി. കരകൗശല വിദഗ്ധരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ സാധിക്കില്ലെന്നും, ഇത്തരം ആവശ്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ക്ഷേത്രത്തിലെ മുതിര്‍ന്ന പുരോഹിതന്‍ ജ്ഞാനേന്ദ്ര കിഷോര്‍ ഗോസ്വാമി വ്യക്തമാക്കി.

മുസ്ലിം കരകൗശല തൊഴിലാളികള്‍ ചരിത്രപരമായി ക്ഷേത്രവുമായി ബന്ധപ്പെട്ടവരും ക്ഷേത്ര പാരമ്പര്യത്തിന് സംഭാവന നല്‍കുന്നവരുമാണ്. കാലങ്ങളായി വൃന്ദാവനത്തില്‍ പ്രതിഷ്ഠകള്‍ക്കുള്ള കിരീടവും വസ്ത്രങ്ങളും നിര്‍മിക്കുന്നതും ഇവരാണ്. ഈ ആചാരവും പാരമ്പര്യവും ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും പുരോഹിതന്മാര്‍ പറഞ്ഞു.

മുസ്ലീങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങരുതെന്ന് പറയുന്നവരുടെ ഉദ്ദേശം അവരെ സാമ്പത്തികമായി തകര്‍ക്കുക എന്നത് മാത്രമാണ്. എല്ലാ മതങ്ങളോടും തങ്ങള്‍ക്ക് ബഹുമാനം മാത്രമാണുള്ളതെന്നും പുരോഹിതര്‍ വ്യക്തമാക്കി. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യം പുരോഹിതന്മാരാണ് തീരുമാനിക്കുന്നതെന്നും അതില്‍ ഭാരവാഹികള്‍ക്ക് ഒരു പങ്കുമില്ലെന്നാണ് ക്ഷേത്ര അധികൃതരുടെയും നിലപാട്.

SCROLL FOR NEXT