വനംമന്ത്രി എ.കെ. ശശീന്ദ്രനെ കയ്യും കാലും കെട്ടി കടുവ കൂട്ടിൽ ഇടണമെന്ന് ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്. വനംമന്ത്രി കടൽ കിഴവൻ ആണെന്നും വി.എസ്. ജോയ് പരിഹസിച്ചു.
"അയാളെ കയ്യും കാലും കെട്ടി കടുവ കൂട്ടിൽ ഇടണം. എന്നാലേ പ്രാണഭയം മനസിലാകൂ. പശ്ചിമഘട്ടം കത്തിച്ച് ചാരമാക്കുന്നതിലേക്ക് ഇവിടുത്തെ ജനങ്ങളെ എത്തിക്കരുത്. ചൂട്ടുകറ്റയുമായി കോൺഗ്രസ് വരും," എന്നായിരുന്നു വി.എസ്. ജോയിയുടെ പ്രസ്താവന. മലപ്പുറം കാളികാവ് ഫോറസ്റ്റ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. ജോയ്. ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്.
അതേസമയം, കാളികാവിൽ റബർ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച കടുവയ്ക്കായുള്ള തെരച്ചിൽ വനം വകുപ്പ് ഊർജിതമാക്കിയിരിക്കുകയാണ്. കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ക്യാമറയിൽ ഇതുവരെ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെന്നും വനംവകുപ്പ് സിസിഎഫ് ടി. ഉമ അറിയിച്ചു. കടുവയ്ക്കായുള്ള പരിശോധന തുടരുകയാണ്. കടുവ ആക്രമിച്ച സ്ഥലത്തും, സമീപത്തെ അരുവിയ്ക്കടുത്തും കൂടുതൽ കൂടുകൾ സ്ഥാപിക്കും. ഡ്രോൺ പരിശോധന ഉച്ചയോടെ ആരംഭിക്കും. 20 പേരടങ്ങുന്ന മൂന്ന് സംഘങ്ങൾ തെരച്ചിലിനുണ്ടെന്നും ടി. ഉമ അറിയിച്ചു. കടുവ സാന്നിധ്യം ഉണ്ടെന്ന് സംശയിക്കുന്ന റാവുത്തൻ കാട്ടിൽ കൂടുതൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 70 അംഗം ആർആർടി സംഘം വനമേഖലയിൽ പ്രവേശിച്ച് കടുവയ്ക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
കാളികാവ് കല്ലാമൂല സ്വദേശി ഗഫൂറിനെയാണ് ഇന്നലെ രാവിലെ റബ്ബർ ടാപ്പിങ്ങിനിടെ കടുവ അക്രമിച്ച് കൊലപ്പെടുത്തിയത്. കടുവ പുറകുവശത്തൂടെ ഗഫൂറിനു മേലേക്ക് ചാടി വീഴുകയായിരുന്നു. ശേഷം മൃതദേഹം സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി. കൂടെ ടാപ്പിങ് നടത്തിയ സമദ് എന്ന തൊഴിലാളിയാണ് ഗഫൂറിനെ കടുവ ആക്രമിച്ച വിവരം പുറത്തറിയിച്ചത്. തുടർന്ന് വനം വകുപ്പ്- ആർആർടി സംഘങ്ങളുടെ പരിശോധനയിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്.