NEWSROOM

തൃശൂർ പൂരം വിവാദം: അന്വേഷണം ഇഴഞ്ഞുനീങ്ങി, അടുത്ത പൂരത്തിന് മുന്‍പ് വ്യക്തത വേണം: വി.എസ്. സുനില്‍കുമാർ

പൂരവുമായി ബന്ധപ്പെട്ട് ദേവസ്വങ്ങളെ പഴിചാരനില്ല. പൂരം കലക്കിയതിനു പിന്നിൽ രാഷ്ട്രീയമായ ലാക്കോടെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്നാണ് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പൂര വിവാദവുമായി ബന്ധപ്പെട്ട് എഡിജിപി സമർപ്പിച്ച റിപ്പോർട്ട് തള്ളണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് വി.എസ്. സുനിൽ കുമാർ. എത്രകാലം കഴിഞ്ഞാലും അന്വേഷണം നടക്കണം. അന്വേഷണം ഇഴഞ്ഞു നീങ്ങിയെന്നതിൽ യാതൊരു സംശയവുമില്ല. അഞ്ച് മാസമാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ എടുത്തത്. റിപ്പോർട്ടിൻ്റെ ഉള്ളടക്കമറിയാതെ പ്രതികരിക്കുന്നത് ശരിയല്ലെന്നും വി.എസ് സുനിൽ കുമാർ പറഞ്ഞു. 

പൂരവുമായി ബന്ധപ്പെട്ട് ദേവസ്വങ്ങളെ പഴിചാരാനില്ല. പൂരം കലക്കിയതിനു പിന്നിൽ രാഷ്ട്രീയമായ ലാക്കോടെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. അടുത്ത പൂരത്തിന് മുമ്പ് വ്യക്തത വരണം. എഡിജിപി അന്വേഷിക്കട്ടെ എന്ന് ഉത്തരവിട്ടത് മുഖ്യമന്ത്രിയാണ്. സർക്കാരിൽ വിശ്വാസമുണ്ട്. പക്ഷെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങിയത്. അഞ്ച് മാസത്തോളം നീളേണ്ടിയിരുന്നില്ലന്നും സുനിൽ കുമാർ പറഞ്ഞു.

പൂരം കലക്കലിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. എഡിജിപിക്ക് മാത്രമായി പൂരം കലക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആരൊക്കെ കൂട്ടുനിന്നിട്ടുണ്ടെന്ന് ജനങ്ങൾ അറിയണം. അജിത് കുമാറിനെതിരായ എല്ലാ ആരോപണങ്ങളും ഡിജിപി അന്വേഷിക്കട്ടെയെന്നും  സമൂഹത്തിൻ്റെ ഇടയിൽ ആശങ്കയുണ്ടാക്കാൻ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട്‌ ഈ മാസം 23ന് എഡിജിപി എം.ആർ. അജിത് കുമാർ സർക്കാരിന് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് സെപ്റ്റംബർ 24നകം സമർപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ അന്ത്യശാസനം. പൂരം നടത്തിപ്പിൽ വരുത്തേണ്ട മാറ്റങ്ങൾ മാത്രമാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

SCROLL FOR NEXT