തൃശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് സിപിഐ നേതാവ് വി.എസ്. സുനില്‍ കുമാർ. പൂരം കലക്കിയത് ഗൂഢലക്ഷ്യത്തോടുകൂടിയാണ് എന്ന് സർക്കാർ കണ്ടെത്തിയെന്ന് സുനില്‍കുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു വി.എസ്. സുനില്‍ കുമാർ.
പൂരം അട്ടിമറിക്കാൻ ശ്രമിച്ചു എന്നുള്ളത് ഗുരുതരമായ സാമുഹ്യപ്രശ്നമാണ്. പുതിയ റിപ്പോർട്ട് ഒട്ടും താമസിയാതെ പുറത്തുകൊണ്ടുവരണം. പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ സമീപനം പരിശോധിക്കണമെന്നും സുനില്‍കുമാർ ആവശ്യപ്പെട്ടു. പൊലീസിന്‍റെ ഇടപെടലിൽ വീഴ്ചയുണ്ടായി. എഡിജിപിയുടെ വീഴ്ച പരിശോധിക്കണമെന്നും സിപിഐ നേതാവ് പറഞ്ഞു.
Also Read: "തൃശൂർ പൂരം കലക്കലില്‍ ത്രിതല അന്വേഷണം"; എഡിജിപിയുടെ വീഴ്ച പൊലീസ് മേധാവി അന്വേഷിക്കും: മുഖ്യമന്ത്രി
"എഡിജിപി പൂരത്തിന്‍റെ അന്ന് ഇവിടെ ഉണ്ടായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. എന്നെ കണ്ടിട്ടില്ല. അജിത് കുമാറിനെ മാറ്റണമെന്ന് ഇടതുമുന്നണിയിൽ ബിനോയ് വിശ്വം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. എഡിജിപി വിഷയത്തിൽ ബിനോയ് വിശ്വം പറഞ്ഞതിന് അപ്പുറം ഒന്നും എനിക്കു പറയാനില്ല.", സുനില്‍കുമാർ പറഞ്ഞു.
പൂരം അലങ്കോലമാക്കൽ എന്ന അജണ്ട ആർഎസ്എസ്സിനും സംഘപരിവാറിനുമുണ്ടായിരുന്നു. ദുരൂഹമായ രാഷ്ട്രീയ ഇടപെടൽ സംഘപരിവാരിൻ്റെ ഭാഗത്തു നിന്നുമുണ്ടായെന്നും സുനില്‍കുമാർ കൂട്ടിച്ചേർത്തു.
ത്രിതല അന്വേഷണത്തിൽ വിശ്വാസമാണെന്നും എല്ലാം സർക്കാർ അമ്പേഷിക്കട്ടെയെന്ന നിലപാടാണ് സുനില്‍കുമാർ സ്വീകരിച്ചത്. കുതിരയുടെ വേഗതയിൽ അന്വേഷണം മുന്നോട്ടു പോകണം. ആരോപണം നേരിട്ട മുഴുവൻ ആളുകളെയും അന്വേഷണത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും വി.എസ്. സുനില്‍കുമാർ ആവശ്യപ്പെട്ടു.
"എഡിജിപിയുടെ ഇടപെടലുകൾ അന്വേഷണത്തിന് വിധേയമാക്കപ്പെട്ടത് തന്നെയാണ്. എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നതാണ് സിപിഐയുടെ നിലപാട്. ആ നിലപാട് പാർട്ടി നേതാക്കന്മാർ ആവർത്തിച്ച് പറയുന്ന കാര്യമാണ്. തൃശൂർ പൂരത്തിൽ അലങ്കോലമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിച്ചത് സംഘപരിവാർ ശക്തികളാണ്", സുനില്‍കുമാർ പറഞ്ഞു. ഇതിന്‍റെ ഭാഗമായാണ് സംഘപരിവാർ നേതാക്കളുടെ സാമിപ്യം തൃശൂരിൽ ഉണ്ടായത്. എഡിജിപി വത്സൻ തില്ലങ്കേരി അടക്കമുള്ള നേതാക്കളെ കണ്ടതിൽ ദുരൂഹതയുണ്ടെന്ന് പ്രത്യേകമായി പറയേണ്ട കാര്യമില്ലെന്നും വി.എസ്. സുനില്‍കുമാർ വ്യക്തമാക്കി.
Also Read: അന്‍വര്‍ പാര്‍ട്ടി ഉണ്ടാക്കട്ടെ, അതിനേയും നേരിടും; ആക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളുന്നു: മുഖ്യമന്ത്രി
തൃശൂർ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് എഡിജിപി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പൂര വിവാദങ്ങളില്‍ ത്രിതല അന്വേഷണത്തിനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. പൂരം കലക്കുവാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. പൂരവുമായി ബന്ധപ്പെട്ട ചുമതലകള്‍ നൽകിയിരുന്ന വിവിധ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ ഇന്‍റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമായിരിക്കും അന്വേഷിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന പരിപാലന ചുമതലയുണ്ടായിരുന്ന എഡിജിപിക്ക് വീഴ്ചയില്‍ അന്വേഷണ ചുമതല ഡിജിപിക്കാണ്.