തൃശൂർ പൂര വിവാദത്തില്‍ എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ അന്വേഷണ റിപ്പോർട്ട് തള്ളി, തുടരന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ ഉത്തരവ് സ്വാഗതാർഹമാണെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽ കുമാർ. തൃശ്ശൂർ പൂരം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് അറിയണം. കൂടുതൽ വിവരങ്ങൾ വേണം എന്ന് കരുതിയിട്ടാവും വീണ്ടും അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പഴയ അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കണോ എന്ന് സർക്കാർ തീരുമാനിക്കട്ടെയെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.
READ MORE: തൃശൂർ പൂരം വിവാദം: എഡിജിപിയുടെ റിപ്പോർട്ട് തള്ളി; തുടരന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി
പൂരം കലക്കലുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ എഡിജിപിയും ഉൾപ്പെടുമെന്നുള്ള സൂചന പുറത്തുവന്നിരുന്നു. പിന്നാലെയാണ് അന്വേഷണത്തിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കട്ടെയെന്ന് സുനിൽ കുമാർ പ്രതികരിച്ചത്.
പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്നായിരുന്നു എഡിജിപിയുടെ റിപ്പോർട്ട്. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ല എന്നും റിപ്പോർട്ടിൽ പറയുന്നു. പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റിയെന്നും റിപ്പോർട്ടില്‍ പറയുന്നു. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതില്‍ വീഴ്ച പറ്റി. കമ്മീഷണറുടെ പരിചയക്കുറവാണ് വീഴ്ചയായെതെന്നുമായിരുന്നു റിപ്പോർട്ട്.
എന്നാൽ, തൃശൂര്‍ പൂരം കലക്കല്‍ വിഷയത്തില്‍ എഡിജിപിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ആഭ്യന്തര സെക്രട്ടറിക്ക് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് നല്‍കിയത്. പൂരത്തിന്റെ ക്രമസമാധാന നില കാത്തു സൂക്ഷിക്കുന്നത്തില്‍ എഡിജിപിക്ക് വീഴ്ചയുണ്ടായെന്നാണ് ഡിജിപിയുടെ നിരീക്ഷണം. ഈ ശുപാര്‍ശ കണക്കിലെടുത്താണ് എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് ആഭ്യന്തര സെക്രട്ടറി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
അന്വേഷണം പ്രഖ്യാപിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് സർക്കാരിൻ്റെ കൈകളിലേക്ക് എത്തുന്നത്. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം പ്രഖ്യാപിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് എവിടെയെന്ന ചോദ്യം സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന സംശയം സിപിഐ നേതാക്കളും ഉയർത്തി. ഇതിനു പിന്നാലെയാണ് എഡിജിപി റിപ്പോർട്ട് സമർപ്പിച്ചത്.