പൂരം കലക്കലുമായി ബന്ധപ്പെട്ട് ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ അറിയിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് സിപിഐ നേതാവ് വി.എസ് സുനിൽകുമാർ. പൂരം കലക്കൽ കേസിൽ രഹസ്യ സ്വഭാവത്തിലുള്ള റിപ്പോർട്ട് ആയതിനാൽ വിശദാംശങ്ങൾ പുറത്തുവിടാനാവില്ലെന്നാണ് അറിയിപ്പ് ലഭിച്ചത്. സുനിൽ കുമാറിന്‍റെ വിവരാവകാശ രേഖക്ക് മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: മന്ത്രി കെ. രാജന്‍റെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും: ബി. ഗോപാലകൃഷ്ണന്‍
രഹസ്യ വിവരങ്ങൾ ആഭ്യന്തരവകുപ്പ് മറച്ചുവെക്കുന്നതിൽ തനിക്ക് കുഴപ്പമില്ലെന്ന് വി.എസ് സുനിൽകുമാർ പറഞ്ഞു. എന്നാൽ, പൂരം അലങ്കോലപ്പെട്ടതിൽ ഉള്ള ഗൂഢാലോചന പുറത്തുവരണമെന്നാണ് തൻറെ ആഗ്രഹം. നിയമാനുസൃതം പുറത്തു വിടേണ്ടതല്ലാത്ത കാര്യങ്ങൾ പുറത്തു വിടണം എന്ന് ആഗ്രഹം തനിക്കില്ലെന്നും വി.എസ്. സുനിൽകുമാർ പറഞ്ഞു.
അതേസമയം, 30 ദിവസത്തിനുള്ളിൽ വിവരാകാശത്തിന് മറുപടി ലഭിക്കാൻ അപ്പീൽ നൽകാമെന്നും മറുപടി ലഭിച്ചിട്ടുണ്ട്. ഗവൺമെൻറ് നടത്തുന്ന ത്രിതല അന്വേഷണത്തെ കുറിച്ചുള്ള വിവരങ്ങളും വിവരാകാശ മറുപടിയിലുണ്ട്. നിയമവശങ്ങൾ പരിശോധിച്ച ശേഷം അപ്പീൽ പോകുന്ന കാര്യങ്ങൾ ആലോചിക്കും. പൂരം വിഷയത്തിൽ നിരവധി കള്ളപ്രചരണങ്ങൾ ഇപ്പോഴും നടക്കുന്നുവെന്നും വി.എസ് സുനിൽകുമാർ കൂട്ടിച്ചേർത്തു.
പൂരം കലക്കൽ കേസിൽ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചിരുന്നു. എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് രഹസ്യ സ്വഭാവത്തിലുള്ളതാണെന്നും പുറത്തുവിടാനാകില്ലെന്നുമായിരുന്നു വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയില്‍ ആഭ്യന്തര വകുപ്പിന്റെ മറുപടി.