രാഹുല്‍ ഗാന്ധി 
NEWSROOM

"അവർക്ക് ചായയും ബിസ്ക്കറ്റും എന്‍റെ വക"; ഇ.ഡി റെയ്ഡിനായി പദ്ധതിയിടുന്നുവെന്ന് രാഹുല്‍ ഗാന്ധി

ലോക്‌സഭയില്‍ ജൂലൈ 29ന് നടന്ന ബജറ്റുമായി ബന്ധപ്പെട്ട സംവാദത്തിലായിരുന്നു കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള രാഹുലിന്‍റെ 'ചക്രവ്യൂഹ്' പരാമര്‍ശം

Author : ന്യൂസ് ഡെസ്ക്

പാര്‍ലമെന്‍റിലെ 'ചക്രവ്യൂഹ്' പ്രസംഗത്തിനു ശേഷം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡിനായി പദ്ധതിയിടുന്നുവെന്ന ആരോപണവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ ജൂലൈ 29ന് നടന്ന ബജറ്റുമായി ബന്ധപ്പെട്ട സംവാദത്തിലായിരുന്നു കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള രാഹുലിന്‍റെ 'ചക്രവ്യൂഹ്' പരാമര്‍ശം.

"രണ്ടിലൊരാള്‍ക്ക് എന്‍റെ ചക്രവ്യൂഹ് പരാമര്‍ശം ഇഷ്ടപ്പെട്ടിട്ടില്ലെന്നത് കൃത്യമാണ്. ഇഡിക്ക് 'ഉള്ളിലുള്ളവര്‍' പറയുന്നത് എനിക്കെതിരെ റെയ്ഡിന് പദ്ധതിയിട്ടിട്ടുണ്ടെന്നാണ്. തുറന്ന കൈകളുമായി കാത്തിരിക്കുകയാണ്. അവര്‍ക്ക് ചായയും ബിസ്‌കറ്റും എന്‍റെ വക", രാഹുല്‍ എക്‌സില്‍ കുറിച്ചു.

കോടിക്കണക്കിന് ആളുകളെ അപായപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ചക്രവ്യൂഹം നിര്‍മിച്ചിരിക്കുകയാണെന്നായിരുന്നു രാഹുല്‍ സഭയില്‍ പ്രസംഗിച്ചത്. താമര ചിഹ്നം എടുത്തുകാട്ടുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച രാഹുല്‍ 21-ാം നൂറ്റാണ്ടില്‍ പുതിയ ഒരു ചക്രവ്യൂഹം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്ന് വാദിച്ചു.

"ആയിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കുരുക്ഷേത്രത്തില്‍ ആറു പേര്‍ ചേര്‍ന്ന് ചക്രവ്യൂഹത്തില്‍ കുരുക്കി അഭിമന്യുവിനെ കൊന്നു. എന്‍റെ ചെറിയ ഗവേഷണത്തില്‍ മനസിലാക്കാന്‍ സാധിച്ചത് ചക്രവ്യൂഹം അഥവാ പത്മ വ്യൂഹം എന്നത് താമരയുടെ ആകൃതിയിലുള്ള രൂപീകരണമാണെന്നാണ്. 21-ാം നൂറ്റാണ്ടില്‍ താമര ആകൃതിയില്‍ പുതിയൊരു ചക്രവ്യൂഹം രൂപീകരിക്കപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി ആ ചിഹ്നം നെഞ്ചില്‍ അണിഞ്ഞിരിക്കുന്നു. ആഭിമന്യുവിനോട് എന്താണോ ചെയ്തത് അത് ഇന്ത്യയിലെ യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍, ചെറിയ കച്ചവടക്കാര്‍ എന്നിവരോട് ആവര്‍ത്തിക്കുന്നു. ആറു പേര്‍ ചേര്‍ന്നാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. ഇന്നും ചക്രവ്യൂഹത്തിന്‍റെ മധ്യത്തില്‍ ആറു പേരാണുള്ളത്. ഇന്ത്യയെ ഇപ്പോള്‍ ഭരിക്കുന്ന ആറ് പേര് - നരേന്ദ്ര മോദി, അമിത് ഷാ, മോഹന്‍ ഭഗത്, അജിത് ഡോവല്‍, അംബാനി, അദാനി", സഭയില്‍ രാഹുല്‍ പറഞ്ഞു.

രാഹുലിന്‍റെ പ്രസംഗത്തെ 'വസ്തുതയുടെയും തമാശയുടെയും കൃത്യമായ മിശ്രിതം എന്നാണ് ബിജെപി നേതാവ് അനുരാഗ് താക്കൂര്‍ വിശേഷിപ്പിച്ചത്. ജൂലൈ 22 നാണ് ബജറ്റ് അവതരണത്തിനായി പാര്‍ലമെന്‍റ് ആരംഭിച്ചത്. ഷെഡ്യൂള്‍ പ്രകാരം ഓഗസ്റ്റ് 12നാണ് പാര്‍ലമെന്‍റ് സമ്മേളനം അവസാനിക്കുക. ബജറ്റിനെ ചൊല്ലി വലിയ പ്രതിഷേധങ്ങളാണ് സഭയില്‍ പ്രതിപക്ഷം ഉന്നയിക്കുന്നത്. ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ടിഎ ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ് ബജറ്റില്‍ പരിഗണിച്ചിരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആരോപണം.


SCROLL FOR NEXT