NEWSROOM

വാളയാര്‍ കേസ്: മൂത്ത പെണ്‍കുട്ടിയുടെ മരണത്തിന് ഇന്ന് എട്ട് വയസ്

മക്കളുടെ മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സമര രംഗത്തുള്ള വാളയാര്‍ പെണ്‍ക്കുട്ടികളുടെ അമ്മയും വളര്‍ത്തച്ഛനും കേസില്‍ പ്രതികളായി.

Author : ന്യൂസ് ഡെസ്ക്

വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ നിയമപോരാട്ടം നിര്‍ണായക വഴിത്തിരിവിലെത്തി നില്‍ക്കുമ്പോള്‍, മൂത്ത പെണ്‍കുട്ടിയുടെ മരണത്തിന് ഇന്ന് എട്ടുവര്‍ഷം തികയുന്നു. സിബിഐ രണ്ടാം അന്വേഷണ സംഘം പെണ്‍കുട്ടികളുടെ അമ്മയെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.

2017 ജനുവരി 13 നാണ് വാളയാര്‍ പെണ്‍കുട്ടികളില്‍, 13 വയസ്സുള്ള മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേവര്‍ഷം മാര്‍ച്ച് 4 നായിരുന്നു രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം. മൂത്ത പെണ്‍ക്കുട്ടി മരിച്ച് എട്ട് വര്‍ഷം തികയുമ്പോള്‍ കേസ് തന്നെ വഴിത്തിരിവിലാണ്. മക്കളുടെ മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സമര രംഗത്തുള്ള വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും വളര്‍ത്തച്ഛനും കേസില്‍ പ്രതികളായി.

സിബിഐ രണ്ടാം അന്വേഷണ സംഘം നല്‍കിയ കുറ്റപത്രത്തിലാണ് ഇവര്‍ കൂടി പ്രതികളായത്. പോക്‌സോ ആക്ട് പ്രകാരം, പീഡന വിവരം അറിഞ്ഞിട്ടും അധികൃതരെ വിവരം അറിയിച്ചില്ല എന്ന കുറ്റത്തിനാണ് പ്രതികളായത് എന്നാണ് വിവരം. എന്നാല്‍ സാമൂഹ്യ സാഹചര്യങ്ങള്‍ പരിശോധിക്കാതെയാണ് സിബിഐയുടെ നടപടിയെന്ന് അഭിഭാഷകനായ രാജേഷ് എം. മേനോന്‍ പറയുന്നു.

കേസില്‍ പ്രതികളായതോടെ, പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പെണ്‍കുട്ടികളുടെ അമ്മയും വളര്‍ത്തച്ഛനും. അമ്മ പ്രതിയാണെങ്കില്‍, ആദ്യ മരണം അന്വേഷിച്ച് നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരും പ്രതികളാണെന്ന് രാജേഷ് എം. മേനോന്‍ പറയുന്നു.

മൂത്ത പെണ്‍കുട്ടിയുടെ ഓര്‍മ ദിവസമായ ഇന്ന് സമര സമിതി അംഗങ്ങള്‍ വാളയാറില്‍ ഒത്തു കൂടും. സിബിഐ രണ്ടാം അന്വേഷണ സംഘവും കേസ് അട്ടിമറിച്ചെന്നാണ് ഇവരുടെ ആരോപണം. ഇക്കാര്യത്തില്‍ നിയമ നടപടി സ്വീകരിക്കാനാണ് ആലോചന. കേസ് കൂടുതല്‍ സങ്കീര്‍ണമായതോടെ പെണ്‍കുട്ടികള്‍ക്ക് നീതി വൈകുകയാണ്.

SCROLL FOR NEXT