NEWSROOM

വാളയാർ കേസ്: മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഇന്‍റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകിയതിനെതിരെ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി

സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള ഇന്‍റഗ്രിറ്റി സർട്ടിഫിക്കറ്റ് നല്‍കുന്നത് തടഞ്ഞുവയ്ക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

വാളയാർ കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എം.ജെ. സോജന് ഇന്‍റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകിയതിനെതിരെ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. മരിച്ച പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജിയാണ് തള്ളിയത്. സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള ഇന്‍റഗ്രിറ്റി സർട്ടിഫിക്കറ്റ് നല്‍കുന്നത് തടഞ്ഞുവയ്ക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.


നവംബറില്‍ സോജനെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ വാളയാർ പെണ്‍കുട്ടികളുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരായ ക്രിമിനല്‍ കേസ് തുടരാന്‍ നിർദേശം നല്‍കണമെന്നായിരുന്നു അപ്പീലിലെ ആവശ്യം. വാളയാർ പെണ്‍കുട്ടികള്‍ക്കെതിരെ സ്വകാര്യ ചാനലില്‍ എം.ജെ. സോജന്‍ നടത്തിയ അപകീർത്തികരമായ പരാമർശത്തിന്‍റെ പേരിലായിരുന്നു ക്രമിനല്‍ക്കേസ്. സെപ്റ്റംബർ 11നാണ് പോക്സോ നിയമം 23(1) പ്രകാരമുള്ള കേസ് ഹൈക്കോടതി റദ്ദാക്കിയത്. സോജന്‍റെ പരാമർശത്തിലെ വസ്തുത പരിശോധിക്കാതെ സംപ്രേഷണം ചെയ്ത സ്വകാര്യ ചാനലിനും മാധ്യമപ്രവർത്തകർക്കുമെതിരെ ആവശ്യമെങ്കില്‍ കേസെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.



നിയമപരമായും ധാർമികമായും അന്വേഷണ ഉദ്യോഗസ്ഥൻ ചെയ്തത് തെറ്റാണെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. അപ്പീൽ ഫയലിൽ സ്വീകരിച്ച സുപ്രീം കോടതി സംസ്ഥാന സർക്കാരിനും എസ്പി സോജനും നോട്ടീസ് നല്‍കിയിരുന്നു.

2017 ജനുവരിയിലും മാർച്ചിലുമായാണ് വാളയാറില്‍ അട്ടപ്പള്ളത്തെ സഹോദരങ്ങളായ പെണ്‍കുട്ടികളെ ദുരൂഹമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേർന്ന ചായ്പ്പിലാണ് പതിമൂന്നും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളെ മരിച്ച നിലയില്‍‍ കണ്ടെത്തിയത്. രണ്ട് പേരും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കേസില്‍ അഞ്ചു പേരായിരുന്നു പ്രതികള്‍.



SCROLL FOR NEXT