NEWSROOM

കടുവ ആക്രമണം; ഡിഎഫ്ഒയെ സ്ഥലം മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ല, വനം മന്ത്രിയുടെ വാദം തെറ്റെന്ന് എംഎൽഎ എ. പി. അനിൽകുമാർ

ഡിഎഫ്ഒയുടെ സ്ഥലം മാറ്റം കടുവ ദൗത്യത്തെ ബാധിക്കുമെന്ന് എന്നും ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ പ്രതികരിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

നിലമ്പൂരിൽ കടുവ ആക്രമണത്തിന്റെ പേരിൽ ഡിഎഫ്ഒ സ്ഥലംമാറ്റാൻ താനും നാട്ടുകാരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വണ്ടൂർ എംഎൽഎ എ. പി. അനിൽകുമാർ. സംഭവത്തിൽ വനം  മന്ത്രിയുടെ വാദം തെറ്റെന്ന എംഎൽഎ പറഞ്ഞു. കടുവ ദൗത്യത്തിന് നേതൃത്വം നൽകുന്ന ഡി എഫ് ഒയെ സ്ഥലം മാറ്റിയത് ശരിയായില്ല. സംഭവത്തിൽ ഒന്നാം പ്രതി വനംമന്ത്രി എ. കെ. ശശീന്ദ്രനാണ്. ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ വച്ച്കെട്ടി മന്ത്രി ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്നും എംഎൽഎ പറഞ്ഞു.

മലപ്പുറം കാളികാവിൽ നരഭോജി കടുവയെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ കെ. ധനിക് ലാലിനെ സ്ഥലം മാറ്റം ലഭിച്ചത്. തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിലേക്കാണ് സ്ഥലം മാറ്റിയത്. എസിഎഫ് കെ. രാകേഷിനാണ് പകരം ചുമതല നൽകിയത്.

ഡിഎഫ്ഒയെ സ്ഥലം മാറ്റിയതിൽ വനം വകുപ്പിനുള്ളിൽ പ്രതിഷേധം കനക്കുകയാണ്. ഡിഎഫ്ഒയുടെ സ്ഥലം മാറ്റം കടുവ ദൗത്യത്തെ ബാധിക്കുമെന്ന് എന്നും ചീഫ് വെറ്റിനറി സർജൻ ഡോ അരുൺ സക്കറിയ പ്രതികരിച്ചിരുന്നു. ദൗത്യത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥനെയാണ് സ്ഥലം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കാളികാവ് കടുവാ ദൗത്യത്തിൽ നിർണായക പുരോഗതി. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞു. ഡാറ്റ ബേസിലുള്ള സൈലൻറ് വാലിയിലെ കടുവയുടെ ചിത്രമാണ് പതിഞ്ഞിരിക്കുന്നത്. ഗഫൂറിനെ കടുവ ആക്രമിച്ച സ്ഥലത്ത് സ്ഥാപിച്ച ക്യാമറയിൽ തന്നെയാണ് കടുവയുടെ ദൃശ്യം പതിഞ്ഞിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് നടത്തിയ പരിശോധനയിലാണ് ചിത്രം തെളിഞ്ഞത് ശ്രദ്ധയിൽപ്പെട്ടത്.

SCROLL FOR NEXT