NEWSROOM

വഖഫ് ഭേദഗതി ബിൽ: പാര്‍ലമെൻ്ററി സമിതിയില്‍ നിന്ന് രാജിവെക്കുമെന്ന ഭീഷണിയുമായി പ്രതിപക്ഷാംഗങ്ങള്‍

സമിതി അധ്യക്ഷന്‍ ജഗദാംബിക പാല്‍ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും സഹകരിച്ച് പോകാന്‍ കഴിയില്ലെന്നും വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെൻ്ററി സമിതിയില്‍ നിന്ന് രാജിവെക്കുമെന്ന ഭീഷണിയുമായി പ്രതിപക്ഷാംഗങ്ങള്‍. സമിതി അധ്യക്ഷന്‍ ജഗദാംബിക പാല്‍ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും സഹകരിച്ച് പോകാന്‍ കഴിയില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കും കത്തെഴുതി.

ബിജെപി അംഗമായ സമിതി അധ്യക്ഷന്‍ ജഗദാംബിക പാല്‍ സമിതിയുടെ യോഗ തീയതികളും വിവിധ കക്ഷികളെ കേള്‍ക്കുന്നതിനുള്ള തീയതികളും ഏകപക്ഷീയമായി എടുക്കുകയാണ്. വഖഫ് ബോര്‍ഡ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം തേടുന്നതിനായി തൽപ്പരകക്ഷികളെ മാത്രമായി വിളിപ്പിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ലഘൂകരിച്ച് ബില്‍ പാസാക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. നിയമത്തിലെ ഭേദഗതികള്‍ സംബന്ധിച്ച ആശങ്കകള്‍ അവതരിപ്പിക്കാന്‍ മതിയായ സമയം അനുവദിച്ചില്ലെങ്കില്‍ തങ്ങള്‍ സംയുക്ത പാര്‍ലമെൻ്ററി സമിതി ബഹിഷ്‌ക്കരിക്കുമെന്നും എംപിമാര്‍ വ്യക്തമാക്കി. സമിതിയുടെ അധ്യക്ഷ ജഗദാംബിക പാല്‍ നടപടിക്രമങ്ങള്‍ ബുള്‍ഡോസര്‍ ചെയ്യുകയാണെന്നും എംപിമാര്‍ ആരോപിച്ചു.

തുടര്‍ച്ചയായി മൂന്ന് ദിവസത്തേക്ക് സമിതിയുടെ സിറ്റിംഗ് നിശ്ചയിക്കുന്നതില്‍ പോലും അധ്യക്ഷന്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കാറുണ്ടായിരുന്നു. ഇത്തരം യോഗങ്ങളില്‍ വ്യക്തികളേയും സംഘടനകളേയും കേള്‍ക്കുന്നുണ്ട്. എംപിമാര്‍ക്ക് തയ്യാറെടുപ്പിനുള്ള സമയം പോലും ലഭിക്കുന്നില്ലെന്നും പ്രതിപക്ഷ എംപിമാര്‍ കത്തിലൂടെ ചൂണ്ടിക്കാട്ടി. ജനാധിപത്യവിരുദ്ധമായി പാര്‍ലമെൻ്ററി പ്രക്രിയയെ അവഗണിച്ച് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന ബില്‍ പാസാക്കാനുള്ള വെൻ്റിലേറ്റിങ് ചേമ്പറായി ജെപിസിയെ കണക്കാക്കരുതെന്നും പ്രതിപക്ഷ എംപിമാര്‍ കത്തില്‍ വ്യക്തമാക്കി.

SCROLL FOR NEXT