കോട്ടയത്തെ ആകാശപ്പാതയെ ചൊല്ലി വാക്പോര്. ആകാശപ്പാതയുടെ കാര്യത്തിൽ അമ്മയെ കൊന്ന ശേഷം അമ്മയില്ലേ എന്ന് കരയുന്ന നിലപാടാണ് സിപിഎമ്മിൻ്റേതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
കോട്ടയത്തെ ആകാശപ്പാതയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ചൂട് പിടിക്കുകയാണ്. വിഷയത്തിൽ നിയമസഭയിൽ ഗതാഗത മന്ത്രി ഗണേഷ് കുമാറും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും തമ്മിൽ വാദ പ്രതിവാദങ്ങൾ ഉണ്ടായി. പിന്നാലെ സിപിഎം നേതാക്കൾ എംഎൽഎയ്ക്കെതിരെ വിമർശനവുമായി രംഗത്തു വന്നു. എന്നാൽ ആകാശപ്പാത വിഷയത്തിൽ സിപിഎം നിലപാട്, അമ്മയെ കൊന്നശേഷം അമ്മയില്ലേ എന്ന് കരയുന്ന പോലെയാണെന്ന് തിരുവഞ്ചൂർ പരിഹസിച്ചു. മന്ത്രി കോട്ടയത്തുവന്ന് ആകാശപാതയുടെ നിർമാണം ഒരിക്കൽ പോലും കാണാതെയാണ് ബിനാലെ എന്നൊക്കെ പറഞ്ഞ് കോട്ടയത്തെ ജനങ്ങളെ അപമാനിച്ചതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
നിലവിലെ നിർമാണം പൊളിച്ചു നീക്കിയാൽ ബദൽ എന്തെന്ന് സർക്കാർ പറയുന്നില്ലെന്നും നടപ്പാക്കില്ലെന്ന സർക്കാർ നിലപാട് മാറ്റിയാൽ മാത്രമേ പദ്ധതി പൂർത്തിയാകുവെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. ആകാശപാതയുടെ നിർമാണം പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് ഈ മാസം ആറാം തീയതി കോൺഗ്രസ് ഉപവാസ സമരം നടത്തും.