വാറന്‍ ബഫെറ്റ് 
NEWSROOM

ട്രംപിന്റെ താരിഫ് നയത്തിനെതിരെ വാറന്‍ ബഫെറ്റ്; വ്യാപാരത്തെ ആയുധമാക്കരുതെന്നും ഉപദേശം

സ്വതന്ത്ര വ്യാപാര നയത്തില്‍നിന്ന് യുഎസിന് നേട്ടമുണ്ടാകുമെങ്കിലും, അതിനെ ആയുധമാക്കുന്നത് വിപരീതഫലമുണ്ടാക്കും

Author : ന്യൂസ് ഡെസ്ക്


യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയത്തിനെതിരെ നിക്ഷേപകനും ശതകോടീശ്വരനുമായ വാറന്‍ ബഫെറ്റ്. വലിയ തെറ്റ് എന്നായിരുന്നു പുതിയ താരിഫ് നയത്തെ ബഫെറ്റ് വിമര്‍ശിച്ചത്. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം സന്തുലിതമാകണമെന്ന് പറഞ്ഞ ബഫെറ്റ്, വ്യാപാരത്തെ ആയുധമായി ഉപയോഗിക്കരുതെന്നും അഭിപ്രായപ്പെട്ടു. ട്രംപിന്റെ പുതിയ താരിഫ് നയം സംബന്ധിച്ച വലിയ ആശങ്കകള്‍ക്കിടെയാണ് ബഫെറ്റിന്റെ വാക്കുകള്‍.

ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്‌വേ ഓഹരി ഉടമകളുടെ വാര്‍ഷിക യോഗത്തിലാണ് ബഫെറ്റ് ആഗോള വ്യാപാരത്തെയും ട്രംപിന്റെ താരിഫ് നയങ്ങളെയും കുറിച്ച് സംസാരിച്ചത്. വികസ്വര സമ്പദ്‌വ്യവസ്ഥകളെ പിന്തുണയ്ക്കുന്നതിനുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സന്തുലിത ആഗോള വ്യാപാരം പ്രോത്സാഹിപ്പിക്കണം എന്ന ആശയം ബഫെറ്റ് ആവര്‍ത്തിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം സന്തുലിതമാകണം. കൂടുതല്‍ രാജ്യങ്ങള്‍ സമ്പന്നമായാല്‍ ലോകം സുരക്ഷിതമാകും. ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി വ്യാപാരം നടത്താന്‍ നാം ശ്രമിക്കണം. നമുക്ക് ഏറ്റവും നല്ലത് നാം ചെയ്യണം. അവര്‍ക്ക് ഏറ്റവും നല്ലത് അവരും ചെയ്യണം -ബഫെറ്റ് പറഞ്ഞു.

യുഎസ് പ്രസിഡന്റ് ട്രംപ് ഈ വിഷയത്തെ ഉചിതമായല്ല സമീപിക്കുന്നതെന്ന് ബഫെറ്റ് അഭിപ്രായപ്പെട്ടു. സംരക്ഷണവാദത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ബഫെറ്റ് വ്യാപാരത്തെ ആയുധമാക്കരുതെന്ന് ഓര്‍മിപ്പിച്ചു. സ്വതന്ത്ര വ്യാപാര നയത്തില്‍നിന്ന് യുഎസിന് നേട്ടമുണ്ടാകുമെങ്കിലും, അതിനെ ആയുധമാക്കുന്നത് വിപരീതഫലമുണ്ടാക്കും. ആഗോള സമൂഹത്തെ അകറ്റുന്നത് യുഎസിന് ഗുരുതരമായ ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കും. വ്യാപാരം ഒരു യുദ്ധപ്രവർത്തനമാകാം എന്ന കാര്യത്തില്‍ തർക്കമില്ല. താരിഫുകള്‍ മോശം കാര്യങ്ങള്‍ക്കും കാരണമായിട്ടുണ്ട്. എന്നാല്‍, താരിഫുകള്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന യുദ്ധ പ്രവൃത്തി ആണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ട്രംപിന്റെ വ്യാപാര, സാമ്പത്തിക നയങ്ങളെ ആദ്യ ഭരണനാളുകളിലും ബഫെറ്റ് വിമര്‍ശിച്ചിരുന്നു. സമീപകാലത്ത്, യുഎസ് ഓഹരി വിപണി ചെലവേറിയതാണെന്ന് ചൂണ്ടിക്കാട്ടിയ ബഫെറ്റ് ആപ്പിളിന്റെ ഉള്‍പ്പെടെ ഓഹരികള്‍ വലിയ തോതില്‍ വിറ്റഴിച്ചിരുന്നു. 27 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് ഇത്തരത്തില്‍ വിറ്റത്. ബഫെറ്റിന്റെ നീക്കം ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു.

SCROLL FOR NEXT