NEWSROOM

ബാലഭാസ്ക്കറിന്‍റെ മരണത്തിനു പിന്നില്‍ സ്വർണക്കടത്ത് സംഘമോ? ആറു വർഷം പിന്നിട്ടിട്ടും ഒഴിയാത്ത ദുരൂഹതകള്‍

ബാലഭാസ്കറിന്‍റെ ഡ്രൈവറായിരുന്ന വിഷ്ണു സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതോടെയാണ് കുടുംബത്തിൻ്റെ ആരോപണം വീണ്ടും ചർച്ചയാകുന്നത്

Author : ന്യൂസ് ഡെസ്ക്

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടമരണത്തിൽ സ്വർണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന ആരോപണം വീണ്ടും ശക്തമാകുന്നു. ബാലഭാസ്കറിന്‍റെ ഡ്രൈവറായിരുന്ന അർജുൻ സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായതോടെയാണ് കുടുംബത്തിൻ്റെ ആരോപണം വീണ്ടും ചർച്ചയാകുന്നത്. ബാലഭാസ്കറിന്‍റെ മരണത്തെ സംബന്ധിച്ച് നിലവിൽ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.

ബാലഭാസ്കർ എന്ന അതുല്യ സംഗീത പ്രതിഭ വാഹനാപകടത്തിൽ മരണപ്പെട്ട് ആറു വർഷം പിന്നിട്ടിട്ടും ദുരൂഹതകള്‍ ഒഴിയാതെ തുടരുകയാണ്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ പെരിന്തൽമണ്ണയില്‍ സ്വർണം കവർന്ന കേസിൽ അറസ്റ്റിലായതോടെയാണ് സംശയങ്ങൾ വീണ്ടും ബലപ്പെടുന്നത്. അപകടത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന കുടുംബത്തിൻ്റെ ആരോപണം ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും പിന്നീടെത്തിയ സിബിഐയും തള്ളിയിരുന്നു. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് രണ്ട് ഏജൻസികളുടെയും കണ്ടെത്തൽ. 2021 ജനുവരിയിൽ സിബിഐ കുറ്റപത്രവും സമർപ്പിച്ചിരുന്നു.

എന്നാൽ സിബിഐ കണ്ടെത്തലിനെതിരെ ബാലഭാസ്കറിന്‍റെ അച്ഛൻ ഉണ്ണി ഹൈക്കോടതിയെ സമീപിച്ചതോടെ 2023 ഒക്ടോബറിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും സ്വർണക്കടത്ത് ബന്ധം അന്വേഷിക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഈ അന്വേഷണം നടക്കുന്നതിനിടെയാണ് പെരിന്തല്‍മണ്ണയില്‍ സ്വർണം കവർന്ന കേസിൽ അർജുൻ പിടിയിലായത്. 2020 മെയ്യിൽ ബാലഭാസ്കറിന്‍റെ മാനേജർ ആയിരുന്ന വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയും സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതോടെയാണ് അപകടത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.

SCROLL FOR NEXT