NEWSROOM

അവസാന വാർത്താസമ്മേളനത്തില്‍ 'വാച്ച് നറുക്കെടുപ്പ്'; വ്യത്യസ്തമായി സ്ഥാനം ഒഴിഞ്ഞ് പ്രസിഡന്‍റ് ആന്ദ്രേസ് മാനുവേൽ ലോപസ്

മുമ്പ് മെക്സിക്കൻ സിറ്റി മേയർ ആയിരിക്കെ ലോപസ് ധരിച്ചിരുന്ന ടെഫനി വാച്ചുകൾ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു

Author : ന്യൂസ് ഡെസ്ക്

മെക്സിക്കൻ പ്രസിഡൻ്റായുള്ള അവസാന വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകന് വാച്ച് സമ്മാനിച്ച് പ്രസിഡന്‍റ് ആന്ദ്രേസ് മാനുവേൽ ലോപസ് ഒബ്രദോർ. നേതാക്കളുടെ ആഢംബര വാച്ചുകള്‍ രാഷ്ട്രീയ വാർത്തകളും വിവാദങ്ങളുമാകുന്ന ലാറ്റിനമേരിക്കയിലാണ് മാനുവേലിന്‍റെ ഈ സമ്മാന ദാനം. മാനുവേലിന്‍റെ 1438-ാം മാനനേറ, അഥവാ വാർത്താസമ്മേളനമാണ് കഴിഞ്ഞ ദിവസം നടന്നത്.

മാനനേറാ എന്ന സ്പാനിഷ് വാക്കിന്‍റെ അർഥം സുപ്രഭാതം എന്നാണ്. എല്ലാ ദിവസവും രാവിലെ മാധ്യമങ്ങളെ കണ്ട് അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് ജോലി ആരംഭിക്കുന്ന പരിപാടിക്ക് മെക്സിക്കോയുടെ പ്രസിഡന്‍റ് നല്‍കിയ പേരും അതുതന്നെയായിരുന്നു. ആറാം വർഷത്തിലെ അവസാന മാനനേറയ്ക്ക് എത്തുമ്പോൾ നിറഞ്ഞ ചിരിയുണ്ടായിരുന്നു മാനുവേൽ ലോപസിന്‍റെ മുഖത്ത്.

അധികാരമേറ്റ ദിവസം രാവിലെ തന്നെ പ്രസിഡന്‍റ് സ്ഥാനത്തുള്ള കാലത്തോളം എന്നും മാധ്യമങ്ങളെ കാണും എന്ന് മാനുവേല്‍ പ്രഖ്യാപിച്ചിരുന്നു. വിദേശ രാജ്യങ്ങള്‍ സന്ദർശിക്കുമ്പോള്‍ പോലും ഈ പതിവ് മാനുവേല്‍ മുടക്കിയില്ല. അതായിരുന്നു അവസാന മാനനേറായിലെ ചിരിയുടെ പിന്നിലെ ഒരു കാരണം. മറ്റൊന്ന് കയ്യിലെ വാച്ചും.

Also Read: 1.33 ലക്ഷം പൗരന്മാർ സൈന്യത്തിൽ ചേരണം; ചൈനയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ സൈനികശക്തിയാവാൻ റഷ്യ

വാർത്താ സമ്മേളനത്തിനെത്തിയതും മാനുവേല്‍ ലോപസ് കയ്യിലെ വാച്ച് അഴിച്ച് ഒരു പ്രഖ്യാപനം നടത്തി. നിങ്ങളിൽ ഒരാൾക്ക് ഇതു നറുക്കിട്ടു തരികയാണ്. കഴിഞ്ഞ ആറുവർഷവും എല്ലാ ദിവസവും കെട്ടിയിരുന്നത് ഈ ഒരു വാച്ചായിരുന്നു. ഇങ്ങനെ വാച്ച് നൽകുമ്പോൾ അതു മുഴുവൻ മാധ്യമങ്ങൾക്കുമുള്ള ഒരു കൊട്ടുകൂടിയായിരുന്നു. പ്രസിഡന്‍റുമാരുടെ ആഢംബര ജീവിതം ലാറ്റിൻ അമേരിക്കയിൽ പുറത്തുവന്നിരുന്നത് 'വാച്ച്' വാർത്തകളിലൂടെയായിരുന്നു. പ്രസിഡന്‍റുമാരുടെ ഘടികാരത്തിന്‍റെ വില ചൂഴ്‌ന്നെടുത്തു വാർത്തയാക്കുന്നത് ലാറ്റിനമേരിക്കയില്‍ നാട്ടുനടപ്പായിരുന്നു. എന്നാല്‍, പ്രസിഡന്‍റായ ആറുവർഷവും ലോപസിന്‍റെ വാച്ച് വാർത്തയായില്ല. കാരണം അതു രണ്ടായിരം പെസോ മാത്രം വിലയുള്ള അത്ര ആഡംബരമില്ലാത്ത വാച്ചായിരുന്നു. ആ വാച്ചാണ് നറുക്കിട്ട് മാധ്യമപ്രവർത്തകർക്കു തന്നെ നൽകിയത്.

മുമ്പ് മെക്സിക്കൻ സിറ്റി മേയർ ആയിരിക്കെ ലോപസ് ധരിച്ചിരുന്ന ടെഫനി വാച്ചുകൾ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ലോപസിന്‍റെ ടെഫാനി മാത്രമല്ല മറ്റ് പലരുടെയും വാച്ചുകള്‍ വാർത്തകളില്‍ നിറഞ്ഞിട്ടുണ്ട്. പെറുവിലെ പ്രസിഡൻ്റിൻ്റെ റോളക്സ് വാച്ചുകളുടെ ശേഖരം ഒരു സമയത്ത് വലിയ വാർത്തയായിരുന്നു. വെനസ്വലേ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയും ആഡംബരവാച്ചിൽ തിളക്കംപോയ ആളാണ്. മോസ്കോയിലെയും ക്യൂബയിലെയും സമയം അറിയുന്നതിനായി ഫിഡൽ കാസ്ട്രോ രണ്ട് റോളക്സ് വാച്ചുകളാണ് ഒരേ കൈയ്യിൽ ധരിച്ചിരുന്നത്. വിപ്ലവ നേതാവിന്‍റെ ഇരട്ട റോളക്സ് പലപ്പോഴും വിമർശിക്കപ്പെട്ടിരുന്നു.

അതേസമയം, ലോപസിന്‍റെ പിൻഗാമിയായി ക്ലോഡിയ ഷെയ്ൻബോം മെക്സിക്കന്‍ പ്രസിഡന്‍റ് ഇന്ന് ചുമതലയേറ്റു. ക്ലോഡിയയുടെ വാച്ചിനെക്കുറിച്ചുള്ള വിവരമൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും വാർത്താ സമ്മേളനത്തെക്കുറിച്ചുള്ള നിലപാട് പുതിയ പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. ദിവസവും വേണമെങ്കിൽ മാധ്യമങ്ങളെ കണ്ടു പറയാനുള്ളത് പറയാം. പക്ഷേ ലോപസിനെപ്പോലെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നിന്നു തരില്ല എന്നായിരുന്നു ക്ലോഡിയയുടെ പ്രതികരണം.

SCROLL FOR NEXT