കടുത്ത ഭക്ഷ്യക്ഷാമത്തിൻ്റെ ഭീഷണിയിലാണ് ലോകം. എന്നാൽ, ലോകത്തൊട്ടാകെയുള്ള ഭക്ഷ്യവിതരണം ഇടിയുന്നതിൽ വലിയ പങ്ക് വഹിക്കുന്നത് ജലക്ഷാമമാണ് എന്നാണ് അടുത്ത് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഭക്ഷ്യവിതരണത്തിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യങ്ങളൊക്കെ ജലക്ഷാമത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുകയാണ്. തികച്ചും ഭീതിജനകമായ മൂന്ന് വ്യത്യസ്ത റിപ്പോർട്ടുകളാണ് സമാന കണ്ടെത്തലുകളുമായി ഈ ആഴ്ച പുറത്തുവന്നത്. വേൾഡ് സ്റ്റഡീസ് റിസോഴ്സ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്, ലോകത്ത് നാലിൽ ഒന്ന് ഭക്ഷ്യവിള ഉത്പാദനം നടക്കുന്നതും രൂക്ഷമായ, അല്ലെങ്കിൽ വിശ്വസനീയമല്ലാത്ത രീതിയിൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണ് എന്നാണ്.
ഗ്ലോബൽ കമ്മീഷൻ ഓൺ എക്ണോമിക്സ് ഓഫ് വാട്ടർ പുറത്തുവിട്ട റിപ്പോർട്ടിൽ നേരത്തെ പറഞ്ഞ റിപ്പോർട്ടിൽ നിന്നും ഡാറ്റയിൽ ചെറിയ വ്യത്യാസമാണ് ഉള്ളത്. ലോക ഭക്ഷ്യ ഉത്പാദനത്തിൻ്റെ പകുതിയും നടക്കുന്നത് ജലലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിലാണെന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.യൂറോപ്യൻ യൂണിയൻ്റെ പരിസ്ഥിതി ഏജൻസി പ്രസിദ്ധീകരിച്ച പഠനത്തിൽ ഭൂഖണ്ഡത്തിൽ സാധാരണഗതിയിൽ ജലസാന്നിധ്യമുള്ള ഭാഗങ്ങൾ പോലും വരണ്ട് ഉണങ്ങിപ്പോകുന്ന പ്രവണതയെ അഭിമുഖീകരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഈ പഠനങ്ങളെല്ലാം തന്നെ ശുപാർശ ചെയ്യുന്ന മൂന്ന് പ്രധാന കാര്യങ്ങളുണ്ട്.
ജലത്തിൻ്റെ ചോർന്നു പോകൽ തടയുക. അതായാത് പരമാവധി ജലം സംഭരിക്കുക. മറ്റൊന്ന് ഭക്ഷണം പഴാക്കാതിരിക്കുക. തണ്ണീർത്തടങ്ങളെ സംരക്ഷിക്കുക. പ്രകൃതി നൽകിയ അമൂല്യമായ സമ്മാനമാണ് ജലം. അത് ഏറെ വിലപിടിപ്പുള്ളതും ദൗർലഭ്യം നേരിടുന്നതുമാണ് എന്ന തിരിച്ചറിയേണ്ടിയിരക്കുന്നു. ജലക്ഷാമം മൂലം ഭക്ഷ്യോത്പാദനരംഗത്തും വളരെയധികം പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നവെന്നാണ് പഠനങ്ങൾ പറയുന്നത്. അത് പലപ്പോഴും വിലക്കയറ്റം, ക്ഷാമം പോലെ അപകടകരമായ സാഹചര്യങ്ങളിലേക്കാണ് നയിക്കുക.ബ്രസീലിനെ പ്രസന്ധിയിലാക്കികൊണ്ടിരിക്കുന്ന വരൾച്ച രാജ്യത്ത് പ്രദേശികമായ ഭക്ഷ്യവിലമാത്രമല്ല ആഗോളതലത്തിൽ പഞ്ചസാരയുടെയും കാപ്പിയുടെയുംവില തന്നെ ഉയർത്തി.
ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ് ബ്രസീൽ, ആഗോള കാപ്പി വിതരണത്തിൻ്റെ മൂന്നിലൊന്നിൽ കൂടുതൽ ബ്രസീലാണ് നിയന്ത്രിക്കുന്നത്. ചൈനയുടെ കാർഷിക ഹൃദയഭൂമിയായ ഹെനാൻ പ്രവിശ്യയിൽ, ഉണ്ടായ വരൾച്ചയും കനത്ത മഴയും,അവിടെ നിത്യോപയോഗ പച്ചക്കറികളുടെ വില ഉയരാൻ കാരണമായി. ദക്ഷിണാഫ്രിക്കയിൽ, ഈ വർഷം എൽ നിനോ കാലാവസ്ഥാ പ്രതിഭാസത്തിൻ്റെ ഫലമായി ഉയരുന്ന താപനിലയും വരൾച്ചയും പ്രദേശത്തെ പ്രധാന ധാന്യവിളയായ ചോളത്തിൻ്റെ ഉത്പാദനത്തെയാണ് തകർത്തത്. ഈ സാഹചര്യത്തെ ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ പട്ടിണി പ്രതിസന്ധിയെന്നാണ് ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചു.
യൂറോപ്യൻ നാടുകളിലും സ്ഥിതി മറിച്ചല്ല. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലെ ജലസമ്മർദ്ദം ഓരോ വർഷവും ജനസംഖ്യയുടെ 30 ശതമാനത്തെ ദോഷകരമായി ബാധിക്കുന്നു എന്നാണ് നിരീക്ഷണം. ചൂടും വരൾച്ചയും ഇതിനകം തന്നെ മെഡിറ്ററേനിയനിലെ ഏറ്റവും കൊതിപ്പിക്കുന്ന വിളകളിലൊന്നായ ഒലിവുകളെ അപകടത്തിലാക്കിക്കഴിഞ്ഞിരിക്കുന്നു. പഞ്ചസാര, ഗോതമ്പ്, പരുത്തി എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും ജലസേചനമുള്ള വിളകളുടെ നാലിൽ മൂന്ന് ഭാഗവും അമേരിക്കയും ചൈനയും ഉൾപ്പെടെ പത്ത് രാജ്യങ്ങൾ ഉത്പാദിപ്പിക്കുന്നു.ജലക്ഷാമം എന്നത് ഈ രാജ്യങ്ങളിൽ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ലോകമെമ്പാടും പ്രതിഫലിക്കും എന്ന മുന്നറിയിപ്പുകൂടി ഈ പഠനങ്ങൾ നൽകുന്നുണ്ട്.