ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ വെള്ളാർമലയ്ക്ക് സമീപമുള്ള പുന്നപ്പുഴ കലിതുള്ളി ഒഴുകുകയാണ്. ഒരു ദുരന്തകാലത്തിന് ശേഷം ദിശ മാറിയ പുന്നപ്പുഴ ഇന്നും ഒരുപാട് ഓർമകളുമായാണ് ഒഴുകുന്നത്. ശ്വാസമറ്റുപോയ മനുഷ്യരെയോർത്ത് അമ്പരപ്പ് മാറാതെ കൂറ്റൻ പാറക്കല്ലുകൾ പുന്നപ്പുഴയിൽ ഇപ്പോഴുമുണ്ട്.
ജൂലൈ 30 എന്ന മറക്കാനാവാത്ത ദിവസത്തിന്റെ അലയൊലിയെന്നോണം പുന്നപ്പുഴ വീണ്ടുമൊഴുകുകയാണ്. വെള്ളാർമല സ്കൂളിനോട് ചേർന്നൊഴുകിയ ശാന്തമായ പുഴയിപ്പോൾ ഒറ്റമഴയിൽ കുത്തിയൊഴുകാൻ തുടങ്ങി. തകർന്നടിഞ്ഞ സ്കൂളും മറ്റ് കെട്ടിടങ്ങളും ഉരുൾപൊട്ടലിനെ ഓർമിപ്പിച്ച് പുന്നപ്പുഴക്ക് സാക്ഷിയായി നിൽപ്പുണ്ട്.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പുന്നപ്പുഴയിൽ ശക്തമായ നീരൊഴുക്കാണുണ്ടായത്. പുഴയിൽ നിർമിച്ചിരുന്ന ബണ്ടുകളെല്ലാം മഴയിൽ ഒലിച്ചു പോയി. പുഴ നവീകരണം തുടങ്ങിയിരുന്നുവെങ്കിലും എവിടെയും എത്തിയിട്ടില്ല. മഴക്കാലത്ത് വൈദ്യുതി പ്രതിസന്ധിയും ചൂരൽമലക്കാർ നേരിടുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 130 മില്ലി മീറ്ററിൽ കൂടുതൽ മഴയാണ് ചൂരൽമലയിൽ പെയ്തത്. പുഴയിൽ ഒരു മീറ്ററോളം വെള്ളം ഉയർന്നിട്ടുണ്ട്. നീലിക്കാപ്പ്, പുതിയ വില്ലേജ് റോഡ്, പഴയ വില്ലേജ് റോഡ് എന്നിവിടങ്ങളിലായി 200 ഓളം കുടുംബങ്ങൾ ഇപ്പോഴും ചൂരൽമലയിൽ താമസിക്കുന്നുണ്ട്.