പാലക്കാട് ചെർപ്പുളശ്ശേരിയിൽ ജലസംഭരണി തകർന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും കുഞ്ഞും മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഷമാലി, മകൻ സാമി റാം എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം. ഷമാലിയും മകൻ സാമി റാമും വാട്ടർ ടാങ്കിലെ പൈപ്പിൽ നിന്ന് വെള്ളം എടുത്തുകൊണ്ടിരിക്കെ ടാങ്ക് നാലായി പിളരുകയായിരുന്നു. മൺകട്ട ശരീരത്തിൽ വീണാണ് ഷമാലിയും മകനും മരിച്ചത്. ഷമാലിയുടെ ഭർത്താവ് വാസുദേവനും ഫാം ഉടമ രതീഷും പശുക്കളെ മേച്ച് തിരികെ എത്തിയപ്പോഴാണ് അപകടം അറിയുന്നത്. ഇരുവരേയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പശുഫാമിൽ ഒരു വർഷം മുമ്പ് താൽക്കാലികമായി നിർമിച്ച ടാങ്കാണ് തകർന്നത്. നിർമാണത്തിലെ അപാകതയാണ് വാട്ടർടാങ്ക് തകരാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. ടാങ്കിന് ബലം നൽകാൻ ബെൽറ്റ് നിർമിച്ചിരുന്നില്ല. മഴയത്ത് വെള്ളം ശക്തമായതോടെ ടാങ്ക് തകരുകയായിരുന്നു.