NEWSROOM

വയനാട് ഉപതെരഞ്ഞടുപ്പ്: പ്രചരണം കൊഴുപ്പിക്കാൻ പ്രിയങ്കയും രാഹുലും നാളെയെത്തും

പ്രിയങ്കാ ഗാന്ധി മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട്, കോറോം, കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് എന്നിവിടങ്ങളിൽ നടക്കുന്ന കോർണർ യോഗത്തിലും പങ്കെടുക്കും

Author : ന്യൂസ് ഡെസ്ക്

വയനാട് ലോകസഭ ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും നാളെ മണ്ഡലത്തിലെത്തും. മാനന്തവാടിയിൽ ഇരുവരും പൊതുയോഗത്തിൽ സംസാരിക്കും. തുടർന്ന് രാഹുൽ വൈകിട്ട് മലപ്പുറം അരീക്കോട്ടെ പൊതുപരിപാടിയിലും സംസാരിക്കും.

പ്രിയങ്കാ ഗാന്ധി മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട്, കോറോം, കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് എന്നിവിടങ്ങളിൽ നടക്കുന്ന കോർണർ യോഗത്തിലും പങ്കെടുക്കും. നാളെ സുൽത്താൻ ബത്തേരി, പുൽപ്പള്ളി, മുള്ളൻകൊല്ലി, മുട്ടിൽ, വൈത്തിരി എന്നിവിടങ്ങളിലെ കോർണർ യോഗത്തിലും പ്രിയങ്ക ഗാന്ധി സംസാരിക്കും. തുടർന്ന് ഏഴാം തീയതി വരെ പ്രിയങ്ക മണ്ഡലത്തിൽ പ്രചരണത്തിനുണ്ടാവും. 

ഇതിന് മുമ്പ് വയനാട് മണ്ഡലത്തിൽ കോൺഗ്രസ് നടത്തിയ പ്രചരണപരിപാടികൾ ജനസാഗരമായിരുന്നു. വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ രാഷ്ട്രീയ വൽക്കരിച്ചുവെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആരോപിച്ചിരുന്നു. റോഡരികിൽ കാത്തുനിന്ന ജനങ്ങളെ കണ്ട പ്രിയങ്ക വാഹനത്തിൽ നിന്നും ഇറങ്ങി ചെന്ന് സംസാരിക്കാൻ തുടങ്ങിയതോടെ ആളുകളും വലിയ ആവേശത്തിലായിരുന്നു. ആൾക്കൂട്ടം കാരണം പലയിടത്തും വാഹന ഗതാഗതം വരെ തടസപ്പെട്ടിരുന്നു.

ദുരന്തത്തെ പോലും രാഷ്ടീയവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെ പ്രിയങ്കാ ഗാന്ധി രൂക്ഷമായി വിമർശിച്ചിരുന്നു. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ ഫണ്ട് അനുവദിക്കാനോ കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്നും, പിന്നെ എന്തിനാണ് നരേന്ദ്ര മോദി വയനാട് സന്ദർശിച്ചതെന്നും പ്രിയങ്ക ചോദ്യമുന്നയിച്ചിരുന്നു. വയനാടുകാരുടെ ധീരതയെ പ്രകീര്‍ത്തിച്ചും ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടം ഓര്‍മിപ്പിച്ചുമാണ് പ്രിയങ്ക ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തത്. കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ വന്യജീവി ശല്യത്തെ പ്രതിരോധിക്കാൻ ഇടപെടുമെന്നും പ്രിയങ്ക ഉറപ്പു നൽകിയിരുന്നു.

SCROLL FOR NEXT