NEWSROOM

വയനാട് ദുരന്തം: നേരത്തെ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചുവെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ

ദുരന്തനിവാരണ സമിതിയോ അഡ്വൈസറി കമ്മറ്റിയോ ആവശ്യമായ നടപടികൾ കൈക്കൊണ്ടില്ലെന്നും അമിക്കസ് ക്യൂറി കുറ്റപ്പെടുത്തി.

Author : ന്യൂസ് ഡെസ്ക്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ആഘാതം കുറയ്ക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ലെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ. ദുരന്തനിവാരണ സമിതിയോ അഡ്‍വൈസറി കമ്മിറ്റിയോ ആവശ്യമായ നടപടികൾ കൈക്കൊണ്ടില്ലെന്നും അമിക്കസ് ക്യൂറി കുറ്റപ്പെടുത്തി.

വൈത്തിരി താലൂക്കിലെ 13 വില്ലേജുകളിലും മാനന്തവാടി താലൂക്കിലെ 10 വില്ലേജുകളിലും സുൽത്താൻ ബത്തേരി താലൂക്കിലെ ആറ് വില്ലേജുകളിലും അതി തീവ്ര ഉരുൾപൊട്ടൽ മേഖലയായി 2019 ലെ വയനാട് ദുരന്ത നിവാരണ പദ്ധതി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

വയനാട്ടിൽ അഞ്ച് വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇതിൽ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചില്ല. ഇക്കൊല്ലം മെയ് 30 ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിന്‍റെ രണ്ടാം ലക്കത്തിൽ ജൂണിനും സെപ്റ്റംബറിനുമിടയില്‍ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പടിഞ്ഞാറ് കാലവർഷം ശക്തമാകുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിൽ 400 മില്ലി മീറ്റർ വരെ മഴ പെയ്യുമെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നതായും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ സാധ്യത കാണിക്കുന്ന ഭൂപടത്തിൽ പുഞ്ചിരിമട്ടം റെഡ് സോണിലായിരുന്നു. മുണ്ടക്കൈ, പുത്തുമല, വെള്ളരിമല എന്നിവ ഓറഞ്ച് സോണിലും. ദുരന്തത്തിന് തൊട്ടടുത്ത സമയങ്ങളിൽ പഞ്ചായത്ത് അംഗങ്ങൾ സ്ഥലം സന്ദർശിച്ച് അപായസൂചന നൽകി. എന്നാൽ 29-ാം തിയതി മാത്രമാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ദുരന്തമുണ്ടായ ദിവസം വൈകിട്ട് ഏഴ് മണിക്ക് ചൂരൽ മലയിലെ പഞ്ചായത്ത് അംഗം നൂറുദ്ദീന്‍ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് വാട്സ് ആപ്പിൽ സന്ദേശം അയച്ചിരുന്നു. പുലർച്ചെ 1.40 നാണ് ആദ്യ ഉരുൾപൊട്ടലുണ്ടായതെന്നും അമിക്കസ് ക്യൂറി പറഞ്ഞു.

ദുരന്ത നിവാരണ സമിതിയോ അഡ്‍വൈസറി കമ്മറ്റിയോ അപായ സൂചനയെ തുടര്‍ന്നുള്ള നടപടികൾ കൈക്കൊണ്ടില്ല. തീവ്ര ദുരന്ത സാധ്യതാ മേഖലയിൽ പോലും മൈക്രോ ലെവലിൽ താഴെ മഴയെന്നാണ് കാലവാസ്ഥ നിരീക്ഷണ കേന്ദ്രം സൂചിപ്പിച്ചിരുന്നത്. മഴയുടെ സാധ്യത കണ്ടെത്താനുള്ള ശാസ്ത്രീയ മാർഗം ഇല്ലാത്തതാണ് ദുരന്തത്തിന്‍റെ ആഘാതം വര്‍ദ്ധിപ്പിച്ചതെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ അറിയിച്ചു.

ശാസ്ത്രീയ പഠനം നടത്താനുള്ള സംവിധാനങ്ങൾ ദുരന്ത സാധ്യതാ മേഖലകളിൽ വേണമെന്നും തുടര്‍ച്ചയായ കുറ്റമേറ്റ നിരീക്ഷണ സംവിധാനങ്ങള്‍ ആവശ്യമാണെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു. 231 പേര്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടതായാണ് സര്‍ക്കാരിന്റെ കണക്ക്. 190 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 

SCROLL FOR NEXT