NEWSROOM

മോര്‍ച്ചറിയിലെ മരവിപ്പ്; മൃതദേഹങ്ങളാല്‍ നിറഞ്ഞ് വയനാട്ടിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

ഇനിയും ചേതനയറ്റ ശരീരങ്ങളെ ഏറ്റുവാങ്ങാനായി വയനാട്ടിലെ ആശുപത്രി മുറ്റങ്ങള്‍ വേദനയോടെ കാത്തിരിക്കുകയാണ്. ഒപ്പം, മരണസംഖ്യ കുറയണേ എന്ന പ്രാര്‍ഥനയും ബാക്കി.

Author : റോഷിന്‍ രാഘവ്

നിരവധി ചേതനയറ്റ ശരീരങ്ങളാല്‍ മൂടിയിരിക്കുകയാണ് വയനാട്ടിലെ പല കുടുംബാരോഗ്യ കേന്ദ്രങ്ങളും. നിരവധി മൃതശരീരങ്ങള്‍ ഇന്ന് അവിടെ കൂടിക്കിടക്കുകയാണ്. ശരീര ഭാഗങ്ങള്‍ നഷ്ടപ്പെട്ടവ, പരുക്ക് പറ്റി ആരെന്ന് പോലും തിരിച്ചറിയാത്ത രീതിയില്‍ പൊതിഞ്ഞു മൂടി കിടക്കുന്നവ, കുട്ടികള്‍ മുതല്‍ വയോധികര്‍ വരെയുണ്ടാകും അവിടെ. മഴയാലും കണ്ണീരിനാലും കുതിര്‍ന്നു കിടക്കുന്ന ആ ആശുപത്രി മുറ്റത്ത് ഉറ്റവരേയും കാത്തിരിക്കുന്നവര്‍ അനവധിയാണ്.

നെഞ്ച് ഒന്ന് ഉലയാതെ ഒരിക്കലും നമുക്ക് ആ കാഴ്ച്ചകള്‍ കണ്ടു തീര്‍ക്കാനാവില്ല. അതേ വിങ്ങലോടെയാണ് മൃതശരീരങ്ങളെയും വഹിച്ചുകൊണ്ട് ആംബുലന്‍സില്‍ ഡ്രൈവര്‍മാര്‍ ആ മുറ്റത്തേക്ക് വന്നടുക്കുന്നത്. ആ ഓട്ടപ്പാച്ചിലിനിടയില്‍ നിലവിളികളും കരച്ചിലുകളും അവര്‍ക്ക് ഇപ്പോള്‍ ഒരു പുതുമയേയല്ല.

"വ്യത്യസ്ത തരത്തിലുള്ള മൃതശരീരങ്ങളാണ് കിട്ടുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുണ്ട് അതില്‍. കൂടുതലും കിട്ടുന്ന ശരീരങ്ങളില്‍ ഒന്നും ബാക്കിയില്ല. തിരിച്ചറിയാന്‍ പറ്റാത്തതും നിരവധിയാണ്.." ഈ വാക്കുകള്‍ പറയുമ്പോള്‍ ആ ആംബുലന്‍സ് ഡ്രൈവറുടെ വാക്കുകള്‍ക്ക് ഇടര്‍ച്ച സംഭവിച്ചതില്‍ അത്ഭുതമൊന്നുമില്ലല്ലോ.

മുന്നൂറിനടുത്ത് മൃതദേഹങ്ങള്‍ ഇതിനോടകം ലഭിച്ചുകഴിഞ്ഞു. ഇനിയും ചെളിയിലും മണ്ണിലും ജീവന്‍ നഷ്ടപ്പെട്ട് കിടക്കുന്നവര്‍ നിരവധി. ചാലിയാറിലൂടെ ഒലിച്ച് എവിടെയെല്ലാമോ എത്തിയവരുടെ കഥയും വ്യത്യസ്തമല്ല. ഇനിയും ചേതനയറ്റ ശരീരങ്ങളെ ഏറ്റുവാങ്ങാനായി വയനാട്ടിലെ ആശുപത്രി മുറ്റങ്ങള്‍ വേദനയോടെ കാത്തിരിക്കുകയാണ്. ഒപ്പം, മരണസംഖ്യ കുറയണേ എന്ന പ്രാര്‍ഥനയും ബാക്കി.

SCROLL FOR NEXT