NEWSROOM

കരാർ കാലാവധിയില്‍ പണി പൂർത്തിയായില്ല; വയനാട് കല്ലൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ യുപി വിഭാഗം കെട്ടിടം നിർമാണം ഇഴയുന്നു

തൂണുകളുടെ നിർമാണം മാത്രമാണ് നിലവിൽ പൂർത്തിയായിട്ടുള്ളത്

Author : ന്യൂസ് ഡെസ്ക്


വയനാട് കല്ലൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ യുപി കെട്ടിടത്തിൻ്റെ നിർമാണം ഇഴയുന്നു. കരാറുകാരൻ്റെ അനാസ്ഥമൂലമാണ് കരാർ കാലാവധി കഴിഞ്ഞിട്ടും കെട്ടിടത്തിൻ്റെ പണി പൂർത്തിയാക്കാൻ കഴിയാത്തത്. തൂണുകളുടെ നിർമാണം മാത്രമാണ് നിലവിൽ പൂർത്തിയായിട്ടുള്ളത്.

വയനാട് നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിന്റെ പണി ആരംഭിച്ചിട്ട് രണ്ടുവർഷമായി. കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് 2022 ഏപ്രിലിലാണ് നിർമാണം തുടങ്ങിയത്. കഴിഞ്ഞവർഷം ജനുവരി 23ന് പണി പൂർത്തീകരിക്കണമെന്നായിരുന്നു കരാർ. എന്നാൽ കരാറുകാരൻ്റ അനാസ്ഥ കാരണം പണി തീർന്നില്ല.

നിലവിൽ തൂണുകളുടെ നിർമാണം മാത്രമാണ് പൂർത്തിയായിരിക്കുന്നത്. യുപി വിഭാഗത്തിന് വേണ്ടി അഞ്ച് ക്ലാസ് മുറികളും ഇരുഭാഗങ്ങളിലുമായി ശുചിമുറികളും ഉൾപ്പെടുന്നതാണ് പ്ലാൻ. നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചാണ് പുതിയതിൻ്റെ നിർമാണം തുടങ്ങിയത്.

സ്ഥലപരിമിതി കാരണം യുപി വിദ്യാർഥികളെ മറ്റു ഡിവിഷനുകളിൽ ഇരുത്തിയാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. അതേസമയം, നിർമാണം ഏറ്റെടുത്ത കരാറുകാർ തമ്മിലുള്ള തർക്കമാണ് പണി നീളാൻ കാരണമെന്നാണ് വിവരം. കളക്ടർക്കടക്കം നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

SCROLL FOR NEXT