വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൽ എല്ലാ തരത്തിലും വിശാലമായ യോജിപ്പുണ്ടെന്ന് മന്ത്രി പി. രാജീവ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നല്ല രീതിയിൽ ഏകോപനമുണ്ടെന്നും പ്രതിപക്ഷ നേതാവ് ഉൾപ്പെടെ സഹകരിക്കുന്നുണ്ടെന്നും പി. രാജീവ് അറിയിച്ചു. സൈന്യം നടത്തുന്നത് സ്തുത്യർഹമായ സേവനമാണെന്നും എല്ലാവരും ഒരേ മനസോടെ ഈ ഘട്ടത്തെ നേരിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്ത ബാധിതരെ എല്ലാവരെയും പുനരധിവസിപ്പിക്കണമെന്നതും, അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരികയെന്നത് കടുപ്പമുള്ള ദൗത്യമാണെന്നും പി. രാജീവ് പറഞ്ഞു. മാനസികാഘാതത്തിൽ നിന്ന് അവരെ പ്രതീക്ഷയിലേക്ക് കൈപിടിച്ചുയർത്തണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ഇതെല്ലാം സാധ്യമാകുമെന്നും, മറ്റു വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സുതാര്യമായ ചർച്ചകൾ നടത്തി പുനരധിവാസ പദ്ധതി നടപ്പിലാക്കും. മാധ്യമങ്ങൾ പ്രവർത്തിച്ചതും സ്തുത്യർഹമായ രീതിയിലാണെന്നും തെറ്റായ പ്രചാരവേലകൾക്കെതിരെ വസ്തുതകൾ ചില മാധ്യമങ്ങൾ തുറന്നുകാട്ടിയെന്നും, അതേ മനസോടെ ഈ പദ്ധതിയെയും മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വയനാട് ഉരുൾപൊട്ടലിൽ അതിജീവനത്തിന്‍റെ ഭാഗമായി ബാധിക്കപ്പെട്ടവരുടെ മാനസികാരോഗ്യം ഉറപ്പിക്കാന്‍ 121 അംഗ ടീമിനെ നിയോഗിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ക്യാംപുകളിലും വീടുകളിലും കഴിയുന്ന മനുഷ്യരുടെ മാനസികാരോഗ്യ സേവനങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.