ചൂരല്‍മല ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഡെപ്യൂട്ടി കളക്ടർമാരെ നിയോഗിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി. ഇടുക്കി ഡെപ്യൂട്ടി കളക്ടര്‍ ഡോ. അരുൺ.ജെ.ഒ., പാലക്കാട് എ.ഡി.എം ബിജു സി, കോഴിക്കോട് എഎംഡി അജീഷ് കെ, കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ പി.എൻ.പുരുഷോത്തമൻ എന്നിവരായിരിക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
കേരളത്തെ നടുക്കിയാണ് ചൂരല്‍മലയില്‍ കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായത്. ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ 1592 പേരെയാണ് രക്ഷപ്പെടുത്തിയത്. മണ്ണിനടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ളതിനാല്‍ തെരച്ചിലും രക്ഷാപ്രവര്‍ത്തനവും ഇന്നും തുടരുകയാണ്. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്. കര, നാവിക, ദുരന്തനിവാരണ സേനകളും അഗ്നിരക്ഷാസേനയും പൊലീസും സന്നദ്ധപ്രവര്‍ത്തകരും ഒന്നിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതുവരെ 284 മരണമാണ് ദുരന്തത്തിൽ സ്ഥിരീകരിച്ചിട്ടുള്ളത്.
കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന്, വയനാട് ജില്ലയില്‍ മാത്രം 82 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ ആരംഭിച്ചത്. ഇതില്‍ എട്ട് എണ്ണം ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആരംഭിച്ചത്. ഈ ക്യാമ്പുകളില്‍ 3022 പുരുഷന്‍മാരും 3398 സ്ത്രീകളും 1884 കുട്ടികളും 23 ഗര്‍ഭിണികളും ഉള്‍പ്പെടെ 8304 പേരാണ് കഴിയുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്തുക്കള്‍ എത്തുന്നുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ടെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു. റേഷന്‍ കടകളിലും സപ്ലൈകോ വില്‍പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.