NEWSROOM

'വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം'; പാർലമെൻ്റിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി മലയാളി എംപിമാർ

ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ. രാധാകൃഷ്ണൻ, ജോസ് കെ. മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ലോകസഭയിലും രാജ്യസഭയിലും ഇതു സംബന്ധിച്ച് നോട്ടീസ് നൽകിയത്

Author : ന്യൂസ് ഡെസ്ക്

വയനാട് ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് കേരള എംപിമാർ പാർലമെൻറിൽ നോട്ടീസ് നൽകി. ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ. രാധാകൃഷ്ണൻ, ജോസ് കെ. മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ലോകസഭയിലും രാജ്യസഭയിലും ഇതു സംബന്ധിച്ച് നോട്ടീസ് നൽകിയത്.

ചൂരല്‍മലയിൽ ഉണ്ടായ ഉരുള്‍പൊട്ടലും രക്ഷാപ്രവര്‍ത്തനവും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ ഉന്നയിച്ചിരുന്നു. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയില്‍ പ്രതിഷേധിച്ചു. ശൂന്യവേളയില്‍ പരിഗണിക്കാമെന്ന സ്പീക്കറുടെ മറുപടി എംപിമാര്‍ അംഗീകരിച്ചില്ല. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിസഭയില്‍ വിഷയത്തെ കുറിച്ച് സംസാരിക്കുമെന്നും സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

അതേസമയം, ചൂരൽമലയിൽ രാവിലെയോടെ രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചു. ഇന്നലെ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 150 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 146 പേർ ചികിത്സയിലാണ്. 116 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. 52 മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്.

SCROLL FOR NEXT