വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. തൃശൂർ കുഴികാട്ടുശ്ശേരി സ്വദേശി പരിയാടൻ വീട്ടിൽ ലിബിൻ ജോൺസൻ ആണ് അറസ്റ്റിലായത്. എട്ട് കിലോ കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
ചെന്നൈ - കോഴിക്കോട് ഭാരതി ബസിൽ യാത്ര ചെയ്യുകയായിരുന്നു പ്രതി. മൈസൂരിൽ നിന്നും കഞ്ചാവ് വാങ്ങി തൃശൂരിലേക്ക് ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടു പോകുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്. പ്രതിയെ തുടർ നടപടികൾക്കായി സുൽത്താൻബത്തേരി എക്സൈസ് റെയിഞ്ച് ഓഫീസിന് കൈമാറി. സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. എക്സൈസ് ഇൻസ്പെക്ടർ ജിഎം മനോജ് കുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ അബ്ദുൽ സലീം വി, രജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.