NEWSROOM

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ കാണാമറയത്ത്; കടുവ വയനാട് ഡാറ്റാ ബേസിൽ ഉള്ളതല്ലെന്ന് സൂചന

ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 85 അംഗ ടീമാണ് കടുവയെ കണ്ടെത്താൻ പഞ്ചാരക്കൊല്ലി പ്രിയദർശിനിയിൽ ക്യാമ്പ് ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്



വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ആദിവാസി വീട്ടമ്മയെ ആക്രമിച്ചു കൊന്ന കടുവ കാണാമറയത്ത് തുടരുന്നു. കടുവ ഇതുവരെ വനം വകുപ്പിന്റെ റഡാർ പരിധിയിൽ എത്തിയില്ല. ഇന്നലെ സന്ധ്യയ്ക്ക് നാട്ടുകാർ കണ്ടുവെന്ന് പറഞ്ഞ സ്ഥലത്തെ പരിശോധനയിലും, കടുവ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല. ഇതോടെ കടുവ വയനാട് ഡാറ്റാ ബേസിൽ ഉള്ളതല്ലെന്ന സംശയവും അധികൃതർ പ്രകടിപ്പിക്കുന്നുണ്ട്.


നാഗർഹോള ടൈഗർ റിസർവിനോട് കേരളം കടുവയെ സംബന്ധിച്ച വിവരങ്ങൾ തേടി. കടുവയുടെ ഐഡി ലഭിക്കാത്തത് ദൗത്യത്തിന് തടസമാവുന്നുണ്ട്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 85 അംഗ ടീമാണ് കടുവയെ കണ്ടെത്താൻ പഞ്ചാരക്കൊല്ലി പ്രിയദർശിനിയിൽ ക്യാമ്പ് ചെയ്യുന്നത്. രാവിലെ ഏഴ് മണിയോടെ തെരച്ചിൽ ആരംഭിച്ചിരുന്നു.

ജനകീയ സമിതിക്ക് സർവ്വകക്ഷി യോഗത്തിൽ പ്രശ്നപരിഹാരത്തിന് എഡിഎം എത്തി എല്ലാ തരത്തിലുള്ള ഉറപ്പുകളും നൽകിയിരുന്നു. വയനാട്ടിലെ കടുവ ആക്രമണത്തിൽ 10 ടീം അംഗങ്ങളെ നിരീക്ഷണത്തിന് ഏർപ്പെടുത്തി അരുൺ സക്കറിയ നേതൃത്വം നൽകും. കൂട്ടിൽ കുടുങ്ങിയാൽ മൃഗശാലയിലേക്ക് മാറ്റും. പൊലീസും ആർആർടിയും രാത്രി ഉൾപ്പടെ പരിശോധന നടത്തും. കുട്ടികളെ സ്കൂളിൽ എത്തിക്കാൻ ആറ് വാഹനം ഏർപ്പെടുത്തും. രാധയുടെ കുടുംബത്തിലെ ഒരാൾക്ക് ഫെബ്രുവരി 1 മുതൽ താത്കാലിക ജോലി നൽകും. ബാക്കി നഷ്ടപരിഹാരം ഉടൻ നൽകുമെന്നും എഡിഎം പറഞ്ഞു. കടുവയെ ലൊക്കേറ്റ് ചെയ്തുവെന്നും കടുവയെ വെടിവെക്കാൻ നടപടി തുടങ്ങിയെന്നും എഡിഎം അറിയിച്ചു.


10 മണിയോടെ മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ വയനാട് കലക്ടറേറ്റിൽ ഉന്നതതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരും. ഇതിന് ശേഷം കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാരക്കുഴിയിലെ രാധയുടെ വീട്ടിലെത്തി വനംവകുപ്പ് മന്ത്രി കുടുംബംഗങ്ങളെ കാണും.

പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിനു സമീപത്ത് വെച്ചുണ്ടായ കടുവ ആക്രമണത്തിലാണ് പഞ്ചാരക്കൊല്ലി സ്വദേശിനി രാധ കൊല്ലപ്പെട്ടത്. തോട്ടത്തിൽ കാപ്പി പറിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. തലയറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. താത്കാലിക വാച്ചറുടെ ഭാര്യയാണ് രാധ. പരിശോധന നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് അംഗങ്ങളാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കടുവ അൽപദൂരം വലിച്ചു കൊണ്ടുപോയിരുന്നു.

SCROLL FOR NEXT