NEWSROOM

വയനാട് പുനരധിവാസം: എസ്റ്റേറ്റ് ഭൂമി ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

നടുമ്പാല, എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിനെതിരായ ഹര്‍ജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്

Author : ന്യൂസ് ഡെസ്ക്

വയനാട് പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി അനുമതി. നെടുമ്പാല, എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനാണ് ലാന്‍ഡ് അക്വസിഷന്‍ നിയമ പ്രകാരം അനുമതി കിട്ടിയത്. നിയമ പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

നടുമ്പാല, എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിനെതിരായ ഹര്‍ജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയുടെ കൈവശക്കാരായ ഹാരിസണ്‍സ് മലയാളം ലിമിറ്റഡും എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റുമാണ് ഹര്‍ജി നല്‍കിയത്. ഏറ്റെടുക്കുന്ന ഭൂമിയുടെ മുഴുവന്‍ നഷ്ടപരിഹാര തുകയും 2013ലെ നിയമ പ്രകാരം ഉടനടി ലഭിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

ജനങ്ങളുടെ മനസറിയുന്ന വിധിയാണ് കോടതിയില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. കോടതി വിധിയിലൂടെ സര്‍ക്കാര്‍ നിലപാട് ശരിയാണെന്ന് തെളിഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്ലാവരും കൂടിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശത്രുതാപരമായി ഭൂമി ഏറ്റെടുക്കുന്ന നിലപാട് സര്‍ക്കാരിനില്ല. കൈവശക്കാരുമായി ചര്‍ച്ച ചെയ്ത് കൂടുതല്‍ വേഗത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.


പുനരധിവാസത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകി എന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കോടതി ഇക്കാര്യം വ്യക്തമായി തിരിച്ചറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഒരു താമസവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ടൗണ്‍ഷിപ്പ് എന്ന ആശയത്തിലേക്ക് എത്തിയത് പലതായി പിരിച്ചവരെ ഒരുമിപ്പിക്കാനാണ്. ടൗണ്‍ഷിപ്പിന് ആവശ്യമായ 25 എസ്റ്റേറ്റുകള്‍ സെപ്റ്റംബറില്‍ കണ്ടെത്തിയിരുന്നു. ദുരന്ത സാധ്യതയില്ലാത്ത ഭൂമി കണ്ടെത്താനാണ് നടപടി സ്വീകരിച്ചത്. അങ്ങനെയുള്ള ഒമ്പത് സുരക്ഷിത എസ്റ്റേറ്റുകള്‍ കണ്ടെത്തി.

മേപ്പാടിക്ക് അടുത്ത് തന്നെ സ്ഥലം വേണമെന്നായിരുന്നു ആവശ്യം. ജോണ്‍ മത്തായി കമ്മിറ്റി ഇത് കണ്ടെത്തി. ഒക്ടോബര്‍ നാലിന് തന്നെ ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആ സര്‍ക്കാര്‍ ഉത്തരവാണ് ഇപ്പോള്‍ കോടതി അംഗീകരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കാലതാമസം ഇല്ലാതെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളാണ് കോടതിയെ ബോധ്യപ്പെടുത്തിയത്. ഇതിനാണ് കോടതി അനുമതി നല്‍കിയത്. അര്‍ഹമായ തുക എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. സര്‍ക്കാര്‍ എടുത്ത സമയം ഒട്ടും വൈകിയതല്ല എന്നതാണ് കോടതിക്ക് ബോധ്യപ്പെട്ടത്. സ്‌പോണ്‍സര്‍മാരുമായി അടുത്തവര്‍ഷം ആദ്യ ആഴ്ച മുഖ്യമന്ത്രി കൂടികാഴ്ച നടത്തും. പുനരധിവസിപ്പിക്കേണ്ടവരുടെ തെളിമയാര്‍ന്ന പട്ടിക ഉടന്‍ പുറത്തുവിടും. കോടതി വിധി ആഹ്ലാദകരമായ കാര്യമാണ്. പ്ലാന്‍ എ യില്‍ തന്നെ നില്‍ക്കാനുള്ള അവസരമാണ് കോടതി വിധി നല്‍കിയത്.

അതേസമയം, ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സിവില്‍ കോടതികളിലെ നടപടിയിലും ഹൈക്കോടതി നിര്‍ദേശം നല്‍കി. ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് സിവില്‍ കോടതി പിന്നീട് കണ്ടെത്തിയാല്‍ ഇപ്പോള്‍ കൈപ്പറ്റുന്ന നഷ്ടപരിഹാരത്തുക എസ്റ്റേറ്റ് ഉടമകള്‍ തിരികെ നല്‍കേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം കൈപ്പറ്റുന്നതിനു മുമ്പ് എസ്റ്റേറ്റ് ഉടമകള്‍ ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

SCROLL FOR NEXT