കൽപ്പറ്റ കിൻഫ്രാ പാർക്കിന് സമീപം ദേശീയപാതയിലുണ്ടായ അപകടത്തിൽ മരിച്ച ജെൻസൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. വൈത്തിരി താലൂക്ക് ആശുപത്രിയിൽ വെച്ചാണ് പോസ്റ്റ്മോർട്ടം നടത്തുക. നേരത്തെ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതിന് ശേഷം അമ്പലവയൽ ആണ്ടൂർ ഗ്ലോറിസ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം പിന്നീട് ആണ്ടൂരിലെ വീട്ടിലേക്ക് കൊണ്ടു പോകും. ആണ്ടൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജെൻസൺ വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജെൻസന്‍റെ നില അതീവ ഗുരുതരമാണെന്ന് മൂപ്പൻസ് മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് മനോജ് നാരാണൻ അറിയിച്ചിരുന്നു. തുടർച്ചയായ രക്തസ്രാവമാണ് മരണത്തിന് കാരണം. വയനാട് ദുരന്തത്തിലെ അതിജീവിതയായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു അമ്പലവയൽ സ്വദേശി ജെൻസൻ. ഇവർ സഞ്ചരിച്ച ഒമ്നി വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ALSO READ: പി.വി. അൻവറിൻ്റെ ആരോപണം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ
ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ കുടുംബത്തിലെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായിരുന്നതിനാൽ മാത്രം ശ്രുതി ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉറ്റവരെല്ലാം നഷ്ടപ്പെട്ടതോടെ പത്ത് വർഷമായി കൂടെയുള്ള ജെൻസൺ മാത്രമായിരുന്നു ശ്രുതിക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനുള്ള കൈത്താങ്ങായി നിന്നത്. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു മാസം മുൻപ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അന്നു തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിൻ്റെ പാലു കാച്ചലും. വിവാഹത്തിനായി സ്വരുക്കൂട്ടിവെച്ചിരുന്നതെല്ലാം ഉരുൾപൊട്ടലിൽ നഷ്ടമായി. ഈ മാസം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണ് ഈ ദുരന്തം.