NEWSROOM

'കടുവ ആക്രമണത്തില്‍ ആളുകള്‍ മരിക്കുമ്പോള്‍ മന്ത്രി പാട്ടുപാടി രസിക്കുന്നു'; എ.കെ ശശീന്ദ്രനെതിരെ വിമര്‍ശനം

പാട്ടുപാടിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

Author : ന്യൂസ് ഡെസ്ക്

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നതിനിടെ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ വനംമന്ത്രി എ.കെ ശശീന്ദ്രനെതിരെ വിമര്‍ശനം. സ്ഥലത്തെത്താതെ മന്ത്രി സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് പാട്ടുപാടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.

വന്യജീവി ആക്രമണം നടന്ന സ്ഥലത്തെത്താതെ സ്വകാര്യ ചടങ്ങില്‍ പോയി പാട്ടുപാടിയ മന്ത്രി മാപ്പ് പറയണമെന്ന് കെ. മുരളീധരന്‍ പ്രതികരിച്ചു. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ ചക്രവര്‍ത്തി വീണ വായിച്ചതുപോലെയാണ് മന്ത്രിയുടെ നടപടിയെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

വനം മന്ത്രി ജില്ലയുടെ ഒരു ചുമതലയും ഏറ്റെടുക്കുന്നില്ലെന്ന് ടി. സിദ്ദീഖ് എംഎല്‍എയും വിമര്‍ശിച്ചു. കടുവ ആക്രമണത്തില്‍ ആളുകള്‍ മരിക്കുമ്പോള്‍ മന്ത്രി പാട്ടുപാടി രസിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു.

അതേസമയം, താന്‍ പാട്ടുപാടിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും പ്രതികരിച്ചു.

വയനാട്ടിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എവിടെയെങ്കിലും പാളിച്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് മുന്‍പ് ആക്രമണങ്ങള്‍ നടന്നപ്പോള്‍ എത്താന്‍ കഴിയാതിരുന്നത്. അത് വനംമന്ത്രിയുടെ അവഗണനയായി ചിത്രീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വന്യജീവി ആക്രമണത്തില്‍ ജനങ്ങളുടേത് സ്വാഭാവിക പ്രതികരണമാണ്. സര്‍ക്കാരിന്റെ സമീപനം ആത്മാര്‍ത്ഥമാണ്. പല തലങ്ങളില്‍ നിന്ന് പ്രതിഷധം ഉയരുന്നുണ്ടെന്നും ഇതെല്ലാം സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. വയനാട് ഭീകര നാടെന്ന പ്രതീതി ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.

പഞ്ചാരക്കൊല്ലിയില്‍ വീട്ടമ്മയെ ആക്രമിച്ചു കൊന്ന കടുവയ്ക്കായുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്. ഇതിനിടയില്‍ തെരച്ചില്‍ സംഘത്തിലുള്ള ആര്‍ആര്‍ടി അംഗം ജയസൂര്യയെ കടുവ ആക്രമിച്ചു. പരിക്ക് ഗുരുതരമാണെന്നാണ് സൂചന. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 85 അംഗ ടീമാണ് കടുവയെ കണ്ടെത്താന്‍ പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്‌റ്റേറ്റില്‍ ക്യാമ്പ് ചെയ്യുന്നത്. രാവിലെ ഏഴ് മണിയോടെ തെരച്ചില്‍ ആരംഭിച്ചത്. പത്ത് സംഘങ്ങളായി വിന്യസിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ഇതിനിടയിലാണ് ജയസൂര്യയ്ക്ക് നേരെ ആക്രമണുണ്ടായത്.

SCROLL FOR NEXT