NEWSROOM

ഉപതെരഞ്ഞെടുപ്പ് അടുത്തു, വീണ്ടും ചർച്ചയായി വയനാട് തുരങ്ക പാത; സർക്കാർ നിലപാട് തിരിച്ചടിയാകുമോ?

പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി

Author : ന്യൂസ് ഡെസ്ക്

ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ചർച്ചയായി വയനാട് തുരങ്ക പാത. മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷവും തുരങ്ക പാത പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്ത് വന്നിരുന്നു. എന്നാൽ പ്രദേശത്തെ ജനങ്ങൾ തുരങ്ക പാതയെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ്.

പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി. സർക്കാർ പിന്മാറിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സമിതി ഭാരവാഹികൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തുരങ്കപാതക്കായി തുരക്കുന്ന മലകൾ നിരവധി ഉരുൾപൊട്ടലുകൾ നടന്ന മേഖലയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വെള്ളരിമല, ചെമ്പ്ര മലകളിലും അതിൻ്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും നിരവധിതവണ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടെന്നാണ് പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ നിർദ്ധിഷ്ട പദ്ധതി പ്രദേശമായ കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപ്പുഴ നിവാസികൾക്ക് പദ്ധതിക്ക്‌ പൂർണ പിന്തുണ നൽകുന്നത്.

നിലവിൽ തുരങ്ക പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ടെന്‍ഡര്‍ ചെയ്തിരിക്കുകയാണ്. പാലവും അപ്രോച്ച്‌ റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത നിര്‍മാണം രണ്ടാമത്തെ പാക്കേജിലുമാണ് ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്. ചൂരൽമല - മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷമാണ് പാക്കേജ് രണ്ടിൻ്റെ ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നത്. അന്തിമ പാരിസ്ഥിതിക അനുമതി ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണ പ്രവർത്തികൾ ആരംഭിക്കും. പാരിസ്ഥിതിക അനുമതി ലഭ്യമാക്കാനുള്ള അപേക്ഷ സംസ്ഥാന തല വിദഗ്ദ്ധ സമിതിയുടെ പരിഗണനയിലാണ്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് 2043.75 കോടിയുടെ ഭരണാനുമതിയും 2134.50 കോടി രൂപയുടെ സാമ്പത്തിക അനുമതിയും നല്‍കിയിട്ടുണ്ട്. പദ്ധതിക്കായി കോഴിക്കോട് ജില്ലയില്‍ 8.025 ഹെക്ടര്‍ സ്വകാര്യഭൂമിയും വയനാട്ടില്‍ 8.12 ഹെക്ടര്‍ ഭൂമിയും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് കൈമാറിയിരുന്നു. കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിക്കായി വയനാട്, കോഴിക്കോട് ജില്ലകളില്‍ 90 ശതമാനം ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞു.

SCROLL FOR NEXT