NEWSROOM

'ആശ തൊഴിലാളികളുടെ അവകാശപ്പോരാട്ടത്തിന് ഐക്യദാര്‍ഢ്യം'; മാര്‍ച്ച് 8 എന്നും ഏര്‍പ്പെടേണ്ട ജീവിതപ്പോരാട്ടമെന്ന് ഡബ്ല്യുസിസി

മാര്‍ച്ച് 8 വര്‍ഷത്തിലൊരിക്കല്‍ ആചരിച്ച് മടക്കി വയ്ക്കാനുള്ള പ്രതിജ്ഞാവാചകമല്ല

Author : ന്യൂസ് ഡെസ്ക്


ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡബ്ല്യുസിസി. ആശാ വര്‍ക്കര്‍മാരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ഡബ്ല്യുസിസി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡബ്ല്യുസിസി ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ അറിയിച്ചത്. വനിതാ ദിനമായ മാര്‍ച്ച് എട്ട് എന്നും ഏര്‍പ്പെടേണ്ട ജീവിത പോരാട്ടമാണെന്നും ഡബ്ല്യുസിസി കൂട്ടിച്ചേര്‍ത്തു.

ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

തൊഴിലിടത്ത് നീതിയുടെയും സമത്വത്തിന്റെയും വില എന്താണെന്ന് അതില്ലാതായവര്‍ക്കേ മനസ്സിലാവൂ തുല്യനീതിയും സമത്വവും എവിടെയെല്ലാം പുലരാതിരിക്കുന്നുവോ അവിടെയെല്ലാം സ്ത്രീകള്‍ക്ക് എന്നും മാര്‍ച്ച് 8 തന്നെയാണ്. അത് വര്‍ഷത്തിലൊരിക്കല്‍ ആചരിച്ച് മടക്കി വയ്ക്കാനുള്ള പ്രതിജ്ഞാവാചകമല്ല. എന്നും ഏര്‍പ്പെടേണ്ട ജീവിതപ്പോരാട്ടമാണ്.
തൊഴില്‍ രംഗത്തെ ഏറ്റവും വലിയ ചൂഷണം നടക്കുന്നത് സേവന മേഖലയിലാണ്. 'വളണ്ടിയര്‍ ' എന്ന ഓമനപ്പേരിട്ട് വിളിച്ചത് കൊണ്ട് അവരെടുക്കുന്ന തൊഴിലിന്റെ കാഠിന്യം അലിയിച്ചു കളയാനാകില്ല. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഗതികെട്ട ജീവിത സാഹചര്യങ്ങളുമാണ് സേവന തൊഴില്‍ മേഖലകളിലെ സ്ത്രീകളെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടാതെ വളണ്ടിയര്‍മാരായി തുടരാന്‍ നിര്‍ബന്ധിതരാക്കുന്നത്. അതിന്ന് ഒരു ചൂഷണോപാധിയായി മാറിയിരിക്കുകയാണ്. നിരവധി ക്ഷേമ പദ്ധതികളില്‍ കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്ന അസംഘടിത സ്ത്രീ തൊഴിലാളികള്‍ പെരുകി വരുകയാണ്. അവിടെ നിയമം പ്രാബല്യത്തില്‍ വരുത്തുക എന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്.



മാര്‍ച്ച് 8 ന്റെ അന്താരാഷ്ട പ്രധാന്യം എന്ത് എന്നറിയുന്ന ഒരു സര്‍ക്കാറിനും ആശ തൊഴിലാളികളുടെ അവകാശ സമരത്തോട് മുഖം തിരിച്ചിരിക്കാനാവില്ല. കേരളത്തില്‍ നിയമപരമായി പ്രാബല്യത്തിലുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവകാശമായ മിനിമംകൂലി നിഷേധിക്കപ്പെട്ടിരിക്കുന്നവരാണ് ആശത്തൊഴിലാളികള്‍. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് ആര് സമരം നടത്തിയാലും അതിനൊപ്പം നില്‍ക്കാന്‍ കൊടിയുടെ നിറം നോക്കേണ്ടതില്ല. അതിന് എല്ലാവര്‍ക്കും അവകാശമുണ്ട്. ആശ തൊഴിലാളികളുടെ അവകാശപ്പോരാട്ടത്തോട് ഡബ്യു. സി.സി. ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കണമെന്നും തൊഴില്‍ മേഖലയിലെ അടിത്തട്ടിലുള്ള അവരെ ഇനിയും തെരുവില്‍ വെയിലും മഴയും കൊള്ളിച്ച് കാത്തു നിര്‍ത്തരുതെന്നും ഞങ്ങള്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുന്നു.


ഫെബ്രുവരി 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാവര്‍ക്കര്‍മാരുടെ തീരുമാനം. ഓണറേറിയം വര്‍ധിപ്പിക്കുക,വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.


SCROLL FOR NEXT