ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം അംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. സിനിമ നയത്തില്‍ തങ്ങളുടെ നിലപാട് അറിയിച്ചു. സര്‍ക്കാരുമായി ചേര്‍ന്ന് എന്ത് ചെയ്യാനാകുമെന്ന് ചര്‍ച്ച ചെയ്‌തെന്നും നേരത്തെ ഉന്നയിച്ച കാര്യങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചതെന്നും ഡബ്ല്യുസിസി അംഗം റിമ കല്ലിങ്കല്‍ പറഞ്ഞു. മാധ്യമങ്ങളോട് പിന്നീട് വിശദമായി പ്രതികരിക്കാമെന്നും അവര്‍ അറിയിച്ചു.
അതിജീവിതരുടെയും മൊഴി നല്‍കിയവരുടെയും പേരുകള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. ഡബ്ല്യൂസിസി പ്രധാനമായും ആവശ്യപ്പെട്ടത് മൂന്നു കാര്യങ്ങളാണ്. എസ്‌ഐടിയുടെ പ്രവര്‍ത്തനത്തില്‍ ആശങ്കയുണ്ട്. പ്രത്യേക അന്വേഷണസംഘം ശരിയായ രീതിയിലാണോ നീങ്ങുന്നതെന്ന് സംശയമുണ്ടെന്നും ഡബ്ല്യുസിസി അറിയിച്ചു. അതോടൊപ്പം പോഷ് നിയമം സിനിമ സെറ്റുകളില്‍ കര്‍ശനമായി നടപ്പാക്കണമെന്ന ആവശ്യവും ഡബ്ല്യുസിസി മുന്നോട്ട് വെച്ചു.
ALSO READ : നിവിന്‍ പോളിക്ക് വേണ്ടി സംസാരിച്ച സംഘടന സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നില്ല : സാന്ദ്ര തോമസ്
സിനിമ നയരൂപീകരണത്തില്‍ സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്നും മുഖ്യമന്ത്രിയോട് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. അതേസമയം ആവശ്യങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുമെന്നും ഒരു ആശങ്കയും വേണ്ടെന്നും ഡബ്ല്യുസിസിയോട് മുഖ്യമന്ത്രി പറഞ്ഞു.