ഗാസയില്‍ നിന്നും ബന്ദികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനോട് പകരം വീട്ടുമെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.
"ഞങ്ങള്‍ നിങ്ങളെ വേട്ടയാടി പിടിക്കും, എന്നിട്ട് പകരം വീട്ടും" , നെതന്യാഹു പറഞ്ഞു. വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലുണ്ടായ വെടിവെപ്പില്‍ ഹമാസിനെ നെതന്യാഹു കുറ്റപ്പെടുത്തുകയും ചെയ്തു.
"നമ്മളെയെല്ലാം കൊല്ലാൻ ആഗ്രഹിക്കുന്ന ക്രൂരരായ ശത്രുവിനെതിരെ എല്ലാ മുന്നണികളിലും ഞങ്ങൾ പോരാടുകയാണ്. ഇന്ന് രാവിലെയാണ് ഹെബ്രോണിൽ മൂന്ന് പൊലീസുകാരെ അവർ കൊലപ്പെടുത്തിയത്", ഹമാസിനെ പഴിചാരി ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു. "ഒക്‌ടോബർ 7-ന് നടത്തിയതുപോലുള്ള അതിക്രമങ്ങൾ ഹമാസ് തുടർന്നുകൊണ്ടേയിരിക്കുന്നു എന്നതാണ് വസ്തുത, ഇനി അങ്ങനെ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്യാൻ ഞങ്ങള്‍ നിർബന്ധിതരായിരിക്കുന്നു." നെതന്യാഹു പറഞ്ഞു.
എന്നാല്‍, വെസ്റ്റ് ബാങ്കില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തിട്ടില്ല. പക്ഷെ, സായുധ സംഘം പുറത്തിറക്കിയ പ്രസ്താവനയില്‍ 'ധീരമായ പ്രതിരോധ പ്രവർത്തനം' എന്നാണ് വെസ്റ്റ് ബാങ്കിലെ പ്രത്യാക്രമണങ്ങളെ വിശേഷിപ്പിച്ചത്.
ഹെബ്രോണ്‍ നഗരത്തില്‍ തര്‍കുമിയ ചെക്ക്പോയിന്‍റിന് സമീപമുണ്ടായ വെടിവെപ്പില്‍ മൂന്ന് പൊലീസുകാരടക്കം ആറ് പേരാണ് കൊല്ലപ്പെട്ടത്. ചെക്ക്പോയിന്‍റിലെ വാഹനത്തിനു നേരെ അക്രമികള്‍ വെടിവെയ്ക്കുകയായിരുന്നു എന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു.
ഞായറാഴ്ച രാവിലെയാണ് റഫയിലെ ടണലില്‍ നിന്നും ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹം ഇസ്രയേല്‍ പ്രതിരോധ സേന കണ്ടെത്തിയത്. സൈന്യം എത്തുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പാണ് ബന്ദികള്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈന്യത്തിന്‍റെ വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാർമൽ ഗാറ്റ്, ഈഡൻ യെരുഷാൽമി, ഹെർഷ് ഗോൾഡ്‌ബെർഗ്-പോളിൻ, അലക്സാണ്ടർ ലോബനോവ്, അൽമോഗ് സരുസി, ഒറി ഡാനിനോ എന്നിവരുടെ മൃതദേഹങ്ങൾ ഇസ്രയേലിലേക്ക് കൊണ്ടുവന്നതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പ്രസ്താവനയിലൂടെ അറിയിച്ചു