NEWSROOM

സ്വർണക്കടത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് വെബ്സൈറ്റിൽ ഇല്ല; ഗവർണറെ തിരുത്തി കേരളാ പൊലീസ്

സ്വർണവും പണവും പിടിച്ചെടുക്കുന്നതിൻ്റെ കണക്കുകൾ മാത്രമാണ് പ്രസിദ്ധീകരിക്കുന്നതെന്നും കേരള പൊലീസ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പ്രസ്താവനയെ തിരുത്തി കേരള പൊലീസ്. സ്വർണ്ണ കള്ളക്കടത്ത് നിരോധിത സംഘടനകളുടെ ഫണ്ടിങ്ങിന് ഉപയോഗിക്കുന്നുവെന്ന വിവരങ്ങള്‍ കേരള പൊലീസിൻ്റെ വെബ്സൈറ്റിൽ ഉണ്ടെന്ന ഗവർണറുടെ പരാമർശം ശരിയല്ല.  കേരള പൊലീസിൻ്റെ വെബ്സൈറ്റിൽ ഒരിക്കലും ഇത്തരം പ്രസ്താവന ഉണ്ടായിട്ടില്ല. സ്വർണവും പണവും പിടിച്ചെടുക്കുന്നതിൻ്റെ കണക്കുകൾ മാത്രമാണ് പ്രസിദ്ധീകരിക്കുന്നതെന്നും കേരള പൊലീസ് പറഞ്ഞു. വാര്‍ത്താ കുറിപ്പിലൂടെയാണ് കേരളപൊലീസിൻ്റെ വിശദീകരണം. 

അതേസമയം, മുഖ്യമന്ത്രിയുടേതായി ഹിന്ദു പത്രത്തിൽ വന്ന മലപ്പുറം പരാമർശത്തിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് ഗവർണറുടെ ശ്രമം. രാജ്യത്തിനെതിരായ കുറ്റകൃത്യം നടന്നാൽ അത് അറിയിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. എന്നിട്ടും സർക്കാർ അത് മറച്ചുവെച്ചു. സ്വർണക്കടത്ത് നടന്നിട്ടുണ്ടെങ്കിൽ അത് കേന്ദ്രത്തെ അറിയിക്കേണ്ട ചുമതല തനിക്കുമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. 

നേരത്തെയും മുഖ്യമന്ത്രിക്കെതിരെ ഗവർണർ വിമർശനമുന്നയിച്ചിരുന്നു. സ്വർണക്കടത്ത്, ഹവാല ഇടപാടുകളിൽ എന്ത് രാജ്യദ്രോഹ പ്രവർത്തനമാണ് നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് വീണ്ടും കത്ത് നൽകുമെന്നും, മറുപടി ലഭിച്ചാലും ഇല്ലെങ്കിലും രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും ഗവർണർ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ടെന്നാണ് കരുതുന്നതെന്നും ഗവർണർ നേരത്തെ ആരോപിച്ചിരുന്നു.

SCROLL FOR NEXT