അത്യപൂർവമായ ഒരു കാഴ്ചയ്ക്കാണ് ഇന്ന് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പോയ വന്ദേഭാരത് എക്സ്പ്രസ് സാക്ഷ്യം വഹിച്ചത്. പട്ടുപുടവയും മുല്ലപ്പൂവും ആടയാഭരണങ്ങളും അണിഞ്ഞ് വിവാഹശേഷം മൂന്ന് നവദമ്പതിമാർ മടങ്ങിയത് ഈ വന്ദേഭാരത് എക്സ്പ്രസിലായിരുന്നു. മറ്റ് യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കുമെല്ലാം ഈ കാഴ്ച ഒരു അവിസ്മരണീയ നിമിഷമായി മാറി.
ALSO READ: സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; ശവ്വാൽ മാസപ്പിറവി കണ്ടു, ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
പട്ടാമ്പി ആമയൂരിൽ നിന്ന് വിവാഹിതരായ കൊല്ലം പവിത്രേശ്വരം സ്വദേശി ഡോ. ഉണ്ണി ആർ. പിള്ളയും ഡോ. എം. ശ്യാമയും, കോഴിക്കോട് താമരശേരിയിൽ നിന്ന് വിവാഹിതരായ തിരുവനന്തപുരം സ്വദേശി അർജുനും റിൻഷിതയും, പാലക്കാട് നെൻമാറയിൽ നിന്ന് വിവാഹിതരായ തിരുവനന്തപുരം സ്വദേശി വിവേകും ദിവ്യയുമാണ് ഒരേ ട്രെയിനിൽ സഞ്ചരിച്ചിരുന്നത്.
വിവിധ കമ്പാർട്ടുമെന്റുകളിലാണ് ഈ വധൂവരൻമാർ ഇരുന്നിരുന്നത്. എന്നാൽ, ഈ അപൂർവ നിമിഷം തിരിച്ചറിഞ്ഞ ടിക്കറ്റ് എക്സാമിനർ എസ്.വി. രഞ്ജിത്താണ് മൂന്ന് നവദമ്പതിമാരെയും ഒരു കമ്പാർട്ട്മെന്റിൽ എത്തിച്ച് ഗ്രൂപ്പ് ഫോട്ടോ എടുത്തത്.