ബാബ സിദ്ദിഖി കൊലക്കേസിൽ മകൻ സീഷൻ സിദ്ദിഖിയേയും കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി സൂചന. പ്രതിയുടെ ഫോണിൽ നിന്ന് മകൻ്റെ ഫോട്ടോ കണ്ടെത്തിയിട്ടുണ്ട്. കേസിൽ പിടിയിലായ ഒൻപത് പ്രതികളിൽ ഒരാളുടെ ഫോണിൽ നിന്നാണ് സീഷൻ സിദ്ദിഖിയുടെ ചിത്രം കണ്ടെത്തിയത്. സീഷൻ സിദ്ദിഖിയെയും കൊലപ്പെടുത്താൻ പ്രതികൾ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം.
അതേസമയം ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ പിടിലായവരുടെ എണ്ണം ഒന്‍പതാകുമ്പോള്‍ നിഗൂഢമായ എക്സ് പോസ്റ്റുമായി മകനും ബാന്ദ്ര ഈസ്റ്റ് എംഎല്‍എയുമായ സീഷന്‍ സിദ്ദിഖി രംഗത്തെത്തിയിരുന്നു. 'മറഞ്ഞിരിക്കുന്നതെല്ലാം ഉറങ്ങുന്നില്ല, കാണാവുന്നതെല്ലാം സംസാരിക്കുകയുമില്ല', എന്നായിരുന്നു സീഷന്‍റെ എക്സ് പോസ്റ്റ്. എന്നാൽ പോസ്റ്റ് കൊണ്ട് സീഷന്‍ എന്താണ് ഉദ്ദേശ്യമാക്കുന്നതെന്ന് വ്യക്തമായിട്ടില്ല.
ഒക്ടോബർ 12നാണ് മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാർ പക്ഷം നേതാവുമായ ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്. മുംബൈ ബാന്ദ്രയിലെ നിർമൽ നഗറിലുള്ള സീഷന്‍റെ ഓഫീസിന്‍റെ മുന്നില്‍വെച്ച് അക്രമി സംഘം ബാബയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കുപ്രസിദ്ധനായ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ബാബയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പൊലീസ് അന്വേഷണത്തില്‍ ബിഷ്ണോയ് ഗ്യാങ്ങിലെ ഒന്‍പതു പേരെയാണ് അറസ്റ്റ് ചെയ്തത്.