NEWSROOM

സെമിഫൈനലിനു പിന്നാലെ ഭാരം 61.5 കെ.ജി, 10 മണിക്കൂറുകൊണ്ട് അമൻ കുറച്ചത് 4.6 കിലോ

ഭാരപരിശോധനയില്‍ 100 ഗ്രാം കൂടിയതിന് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിന്റെ ഞെട്ടലിലായിരുന്ന ഇന്ത്യന്‍ ക്യാമ്പ്

Author : ന്യൂസ് ഡെസ്ക്

പുരുഷന്‍മാരുടെ 57 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയ അമന്‍ സെഹറാവത്ത് വെങ്കല പോരാട്ടത്തിനുമുമ്പുള്ള 10 മണിക്കൂറിനിടെ കുറച്ചത് 4.6 കിലോ ഗ്രാം ഭാരം. സെമി ഫൈനലിലെ തോല്‍വിക്ക് പിന്നാലെ അമന്റെ ഭാരം 61.5 കിലോയായി കൂടിയിരുന്നു. ഭാരപരിശോധനയില്‍ 100 ഗ്രാം കൂടിയതിന് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിന്റെ ഞെട്ടലിലായിരുന്ന ഇന്ത്യന്‍ ക്യാമ്പ്. അതിന് പിന്നാലെയായിരുന്നു അമന്റെ വെ​യിറ്റ് ​ഗെയിൻ. എന്നാല്‍, കൃത്യമായ നീക്കങ്ങളിലൂടെ പരിശീലക സംഘം മത്സരത്തിനു മുമ്പ് അമന്റെ ഭാരം 56.9 കിലോയിലെത്തിച്ചു.

57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഇനത്തിലാണ് അമന്‍ മത്സരിച്ചത്. സെമിയില്‍ എതിരാളി ജപ്പാന്റെ റെയ് ഹിഗുച്ചി. 10-0ത്തിന് തോറ്റെങ്കിലും അമന്‍ വെങ്കലമെഡല്‍ മത്സരത്തിനായി യോഗ്യതനേടി. പക്ഷെ, അമന്റെ ഭാരം 61 കിലോയിലേക്ക് ഉയർന്നിരുന്നു. മത്സരദിവസം രാവിലെ ഭാരപരിശോധനയുണ്ട്. അതായത്, 10 മണിക്കൂറിനകം അമന് തന്റെ ഭാരം 57 കിലോയിലേക്ക് എത്തിക്കണം.

ഒന്നരമണിക്കൂര്‍ മാറ്റ് സെഷന്‍, വിയര്‍ക്കാനും ശരീരഭാരം കുറയ്ക്കാനും ചൂടുവെള്ളത്തില്‍ ഒരു മണിക്കൂര്‍ ഹോട്ട് ബാത്ത് സെഷൻ, ജിം സെഷന്‍, മസാജും ജോഗിങ്ങും, റണ്ണിങ് സെഷനുകള്‍, അങ്ങനെ തീവ്രമായ പരിശീലനത്തിലൂടെ അമൻ തന്റെ ഭാരം 56.9ലേക്ക് എത്തിക്കുകയായിരുന്നു. തൂക്കം കൃത്യമാക്കിയശേഷം അമന്‍ ഉറങ്ങിയില്ല. ഈ സമയം ഗുസ്തി വീഡിയോകള്‍ കാണുകയായിരുന്നുവെന്നും അമന്‍ വെളിപ്പെടുത്തി. രാവിലെ അധികൃതര്‍ ശരീരഭാരം പരിശോധിച്ചപ്പോള്‍ അനുവദനീയമായ തൂക്കം.

SCROLL FOR NEXT