NEWSROOM

'ശരീരഭാരം കുറയുന്നത് സ്വാഭാവികം'; കെജ്‌രിവാളിന്‍റെ ആരോഗ്യനില ഗുരുതരമെന്ന വാദം തള്ളി തിഹാർ ജയിൽ

തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കെജ്‌രിവാളിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് എഎപി ആരോപണമുന്നയിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്.

Author : ന്യൂസ് ഡെസ്ക്

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനില ഗുരുതരമാണെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം തള്ളി തിഹാര്‍ ജയില്‍. എഎപിയുടെ അവകാശവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കെജ്‌രിവാളിന്റെ ശരീരഭാരം കുറയുന്നതില്‍ അസ്വാഭാവികത ഇല്ലെന്നുമാണ് ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്.

തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കെജ്‌രിവാളിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് എഎപി ആരോപണമുന്നയിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. ജയിലില്‍ കഴിയവെ കെജ്‌രിവാളിന്റെ ഭാരം 8.5 കിലോ കുറഞ്ഞതായി എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു. ഇത് ഗുരുതരമായ രോഗലക്ഷണമാകാമെന്നും അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രിയെ ജയിലില്‍ അടച്ച് ആരോഗ്യം കൊണ്ട് കളിക്കാന്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാല്‍ കെജ്‌രിവാളിന്റെ ശരീരഭാരം 65ല്‍ നിന്ന് 61.5 കിലോ ആയി കുറഞ്ഞിട്ടുണ്ടെന്നും അത് കുറഞ്ഞ അളവിലുള്ള ഭക്ഷണം അല്ലെങ്കില്‍ കുറഞ്ഞ കലോറിയുള്ള ഭക്ഷണം ശരീരത്തില്‍ എത്തുന്നതു മൂലവുമാകാമെന്നാണ് ഡല്‍ഹി സര്‍ക്കാരിലെ ഡെപ്യൂട്ടി സെക്രട്ടറിക്ക് അയച്ച കത്തില്‍ തിഹാര്‍ ജയില്‍ സൂപ്രണ്ട് അറിയിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് ജയില്‍ അധികൃതരുടെ വാദം.

ജയിലില്‍ കെജ്‌രിവാളിന്റെ രക്തസമ്മര്‍ദവും പഞ്ചസാരയുടെ അളവും പതിവായി നിരീക്ഷിച്ചിരുന്നതായും അധികൃതര്‍ വിശദീകരിച്ചു. മദ്യനയ അഴിമതിയിലെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. പിന്നീട് ജൂണ്‍ 26ന് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. നിലവില്‍ കെജ്‌രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ്. അതേസമയം ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നത് ഓഗസ്റ്റ് 7ലേക്ക് മാറ്റി.

ഇഡി കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയെ അറിയിച്ചു. കെജ്‌രിവാളിന് ജാമ്യം നല്‍കിയ വിചാരണ കോടതി ഉത്തരവ് നേരത്തെ ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് നീന കൃഷ്ണ ബന്‍സാല്‍ അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

SCROLL FOR NEXT