NEWSROOM

എസ്‍പിസി പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിഎസ്‌സി യൂണിഫോം സര്‍വീസ് നിയമനങ്ങള്‍ക്ക് വെയിറ്റേജ്

സ്‌കൂള്‍ തലത്തില്‍ നിന്നു തന്നെ കഴിവും സാമൂഹിക പ്രതിബദ്ധതയുമുള്ളവരെ സര്‍വീസിലേയ്ക്ക് ആകര്‍ഷിക്കാനും വാര്‍ത്തെടുക്കാനും ഈ തീരുമാനം സഹായകമാകും.

Author : ന്യൂസ് ഡെസ്ക്


എസ്എസ്എല്‍സി, പ്ലസ് ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിഎസ്‌സി വഴിയുള്ള യൂണിഫോം സര്‍വ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളിലായി നാല് വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകള്‍ക്ക് അഞ്ച് ശതമാനം വെയിറ്റേജ് നല്‍കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളിലായി നാലു വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്ന, ഹൈസ്‌കൂള്‍ തലത്തില്‍ എ പ്ലസ് ഗ്രേഡും ഹയര്‍ സെക്കണ്ടറി തലത്തില്‍ എ ഗ്രേഡും കരസ്ഥമാക്കുന്നവരും, ഹൈസ്‌കൂള്‍ തലത്തില്‍ എ ഗ്രേഡും ഹയര്‍ സെക്കണ്ടറി തലത്തില്‍ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കുന്നവരും ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍ സെക്കണ്ടറി തലത്തിലും എ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകള്‍ക്ക് നാല് ശതമാനം വെയിറ്റേജ് ആയിരിക്കും അനുവദിക്കുക.

ഹൈസ്‌കൂള്‍ തലത്തിലോ ഹയര്‍സെക്കണ്ടറിതലത്തിലോ രണ്ടു വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകള്‍ക്ക് മൂന്ന് ശതമാനം വെയിറ്റേജ് ലഭിക്കും. ഹൈസ്‌കൂള്‍ തലത്തിലോ ഹയര്‍സെക്കണ്ടറി തലത്തിലോ രണ്ടു വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകള്‍ക്ക് രണ്ട് ശതമാനമാണ് വെയിറ്റേജ് ലഭിക്കുക.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായി.


പിഎസ്‌സി മുഖേന പൊലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ജയില്‍, ഫയര്‍ & റെസ്‌ക്യൂ, മോട്ടോര്‍ വെഹിക്കിള്‍ എന്നീ യൂണീഫോം സര്‍വ്വീസുകളിലേക്ക് നടത്തുന്ന നിയമനങ്ങളിലായിരിക്കും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് പരമാവധി 5 ശതമാനം വെയിറ്റേജ് നല്‍കുകയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

സ്‌കൂള്‍ തലത്തില്‍ നിന്നു തന്നെ കഴിവും സാമൂഹിക പ്രതിബദ്ധതയുമുള്ളവരെ സര്‍വീസിലേയ്ക്ക് ആകര്‍ഷിക്കാനും വാര്‍ത്തെടുക്കാനും ഈ തീരുമാനം സഹായകമാകും. കൂടുതല്‍ ഗൗരവത്തോടെയും ആത്മാര്‍ഥതയോടെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയെ സമീപിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ തീരുമാനം പ്രചോദനം പകരട്ടെ. അച്ചടക്കവും സാമൂഹ്യപ്രതിബദ്ധതയുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ സഹായകമായ പദ്ധതി എന്ന നിലയ്ക്ക് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയെ വളര്‍ത്താന്‍ നമുക്ക് സാധിക്കണം. അതിനാവാശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



SCROLL FOR NEXT