NEWSROOM

വെസ്റ്റ് ബാങ്ക് യുദ്ധക്കളമാകുന്നു; ജെനിനിലെ അഭയാർഥി ക്യാമ്പ് ആക്രമിച്ച് ഇസ്രയേല്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസ സ്ട്രിപ്പില്‍ നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ 61 പേരാണ് കൊല്ലപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

ഇസ്രയേൽ- ഹമാസ് യുദ്ധം വെസ്റ്റ് ബാങ്കിലേക്കും വ്യാപിക്കുന്നു. വെസ്റ്റ്  ബാങ്കിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാക്കിയതോടെ പ്രതിരോധവുമായി ഹമാസും രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ ഗാസയ്ക്ക് പുറമെ വെസ്റ്റ്ബാങ്കും യുദ്ധമേഖല ആകുകയാണെന്നാണ് റിപ്പോർട്ടുകൾ.

വെസ്റ്റ് ബാങ്കിലെ ജെനിന്‍ പ്രവിശ്യയില്‍ വലിയ തോതിൽ റെയ്ഡും മറ്റ് പിടിച്ചടക്കല്‍ നടപടികളുമായി ഇസ്രയേൽ മുന്നോട്ട് പോകുകയാണ്. ജെനിനിലെ അഭയാർഥി ക്യാമ്പിനു നേരെയും ഇസ്രയേല്‍ ആക്രമണം നടന്നു. പ്രദേശത്ത് ഭക്ഷണം, ജലം, വൈദ്യുതി, ഇന്‍റർനെറ്റ് എന്നീ സൗകര്യങ്ങള്‍ വിശ്ചേദിച്ചു. തുടർന്ന് ജെനിനിലെ അഭയാർഥി ക്യാമ്പിൽ നിന്ന് നിരവധി പേർ ഒഴിഞ്ഞുപോകുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസ സ്ട്രിപ്പില്‍ നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ 61 പേരാണ് കൊല്ലപ്പെട്ടത്. ശരിയായ രീതിയില്‍ വെടിനിർത്തല്‍ നിലവില്‍ വന്നാല്‍ മാത്രമേ ഗാസ സ്ട്രിപ്പില്‍ തീരുമാനിച്ച പോളിയോ വാക്സിനേഷന്‍ ക്യാമ്പയിന്‍ വിജയിക്കുകയുള്ളുവെന്ന് പലസ്തീന്‍ ആരോഗ്യ വിഭാഗം പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. യുദ്ധം വെസ്റ്റ്ബാങ്കിലേക്ക് കൂടി വ്യാപിപ്പിക്കുന്നതില്‍ യുഎന്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ഇസ്രയേൽ ആക്രമണം തുടരുന്നത്.


അതേസമയം,ബെഞ്ചമിന്‍ നെതന്യാഹു സർക്കാരിനെതിരെ പ്രതിഷേധവുമായി ഇസ്രയേലിൽ ജനം തെരുവിലിറങ്ങി. ഹമാസ് ബന്ദികളാക്കിയവരിൽ ആറ് പേരുടെ മൃതദേഹം കൂടി ഇസ്രയേൽ പ്രതിരോധ സേന കണ്ടെടുത്തുവെന്ന റിപ്പോർട്ടിനു പിന്നാലെയാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്. ഒക്ടോബർ ഏഴിന് നേവാ മ്യൂസിക് ഫെസ്റ്റിവലിൽ നിന്നും ഹമാസ് ബന്ദിയാക്കിയവരിൽ, മൂന്ന് സ്ത്രീകളുടെയും മൂന്ന് പുരുഷന്മാരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന് സൈന്യം സ്ഥിരീകരിച്ചു.

SCROLL FOR NEXT