NEWSROOM

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; മമതയുടെ എതിർപ്പ് അവഗണിച്ച് സംഘർഷ സ്ഥലങ്ങൾ സന്ദർശിച്ച് ബംഗാൾ ഗവർണർ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ആഘാതം വിലയിരുത്തുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനുമായി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹത്കർ പശ്ചിമ ബംഗാളിലെ മാൾഡയിൽ സന്ദർശനം നടത്തി.

Author : ന്യൂസ് ഡെസ്ക്

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ട പശ്ചിമ ബംഗാളിലെ പ്രദേശങ്ങൾ സന്ദർശിച്ച് ഗവർണറും ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ വനിതാ കമ്മീഷനും. മുഖ്യമന്ത്രി മമതാ ബാനർജിയുടെ എതിർപ്പ് അവഗണിച്ചാണ് ഗവർണർ മാൾഡയിലെത്തിയത്. ഗവർണറും മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും നാളെ മൂർഷിദബാദ് സന്ദർശിക്കും.

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘർഷം ഉണ്ടായ മാൾഡയിലേക്കാണ് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് എത്തിയത്. സംഘർഷബാധിതരുമായി നേരിട്ട് സംവദിക്കാനായാണ് ഗവർണറുടെ സന്ദർശനം. ഗവർണർ നാളെ മൂർഷിദാബാദ് സന്ദർശിക്കും. നിലവിലെ സാഹചര്യത്തിൽ ഗവർണർ മൂർഷിദബാദ് സന്ദർശിക്കരുതെന്ന മമത ബാനർജിയുടെ അഭ്യർത്ഥന അവഗണിച്ചാണ് സന്ദർശനം.

അക്രമത്തെക്കുറിച്ച് സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മീഷൻ, മാൾഡയിലേക്ക് വസ്തുതാന്വേഷണ സംഘത്തെ അയച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ആഘാതം വിലയിരുത്തുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനുമായി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹത്കർ പശ്ചിമ ബംഗാളിലെ മാൾഡയിൽ സന്ദർശനം നടത്തി.

മുർഷിദാബാദ് ജില്ലയിലെ ഷംഷേർഗഞ്ച്, സുതി, ധുലിയൻ, ജംഗിപൂർ എന്നിവിടങ്ങളിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിവവധിയാളുകൾ പാലായനം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇതുവരെ 274 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളിലെ അക്രമങ്ങളിൽ ബംഗ്ലാദേശ് ഇന്ത്യക്കെതിരെ പരാമർശം നടത്തിയിരുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

SCROLL FOR NEXT