NEWSROOM

ലിംഗവിവേചനം; താലിബാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങി പാശ്ചാത്യ രാജ്യങ്ങൾ

വിഷയത്തിൽ താലിബാനുമായി നയതന്ത്ര തല ചർച്ചയ്ക്കുള്ള സന്നദ്ധതയും ഈ രാജ്യങ്ങൾ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

താലിബാനെതിരെ നിയമനടപടിക്കൊരുങ്ങി പാശ്ചാത്യ രാജ്യങ്ങൾ. ലിംഗവിവേചനം ചൂണ്ടികാട്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനാണ് നീക്കം. കാനഡ , ഓസ്‌ട്രേലിയ, ജർമ്മനി, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളാണ് ലിംഗവിവേചനം ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ താലിബാനെതിരെ നിയമനടപടികൾ ആരംഭിക്കാൻ ഒരുങ്ങുന്നത്. വിഷയത്തിൽ താലിബാനുമായി നയതന്ത്ര തല ചർച്ചയ്ക്കുള്ള സന്നദ്ധതയും ഈ രാജ്യങ്ങൾ അറിയിച്ചു.

വിഷയം കോടതി പരിഗണിക്കുന്നതിന് മുമ്പ് മറുപടി നൽകാൻ അഫ്ഗാനിസ്ഥാന് ആറ് മാസത്തെ സമയമുണ്ട്. സ്ത്രീകൾ പൊതുസ്ഥലത്ത് ശബ്ദമുയർത്തരുതെന്നും മുഖം ഉൾപ്പടെ മറയ്ക്കാതെ പുറത്തുപോകരുതെന്നുമാണ് അടുത്തിടെ താലിബാൻ നൽകിയ പുതിയ ഉത്തരവ്. തുടർന്ന് യുഎൻ ചടങ്ങിൽ താലിബാനെ വിമർശിച്ച് ഹോളിവുഡ് നടി മെറിൽ സ്ട്രീപ്പ് രംഗത്ത് എത്തിയിരുന്നു.

രാജ്യത്തെ സ്ത്രീകളെക്കാൾ സ്വാതന്ത്യം പെൺപൂച്ചകൾക്ക് ഉണ്ടെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടൽ നടത്തണമെന്നും താരം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാൻ്റെ ഭാവിയിൽ സ്ത്രീകളുടെ പങ്കാളിത്തം എന്ന വിഷയത്തിൽ ഊന്നിയ ചർച്ചയിലായിരുന്നു താരം താലിബാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസും താലിബാനെ വിമർശിച്ചു. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള ചില രാജ്യങ്ങളുടെ നീക്കം.


SCROLL FOR NEXT