NEWSROOM

ട്രംപ് യുഗം ആരംഭിക്കുമ്പോൾ വിദേശനയം എങ്ങനെ? ഉറ്റുനോക്കി ലോകം

യുക്രെയ്നിലും പശ്ചിമേഷ്യയിലും മണിക്കൂറുകള്‍ക്കകം സമാധാനമെത്തിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപിന്‍റെ വിദേശനയം, ഈ അവകാശവാദങ്ങളോട് നീതിപുലർത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം

Author : ന്യൂസ് ഡെസ്ക്

ആഗോള പ്രതിസന്ധികള്‍ക്കെല്ലാം കാരണം ജോ ബെെഡന്‍റെ ദുർബല നേതൃത്വമാണെന്ന് ആരോപിച്ച ഡൊണാൾഡ് ട്രംപിലേക്ക് അമേരിക്കയുടെ അധികാരമെത്തിയിരിക്കുകയാണ്. യുക്രെയ്നിലും പശ്ചിമേഷ്യയിലും മണിക്കൂറുകള്‍ക്കകം സമാധാനമെത്തിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപിന്‍റെ വിദേശനയം, ഈ അവകാശവാദങ്ങളോട് നീതിപുലർത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം..

24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കും?

തെരഞ്ഞെടുപ്പ് വിജയത്തില്‍ ആശംസയറിയിച്ചുകൊണ്ട്, യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്കി ട്രംപിനോട് വാക്കു പാലിക്കണമെന്ന് കൂടിയാണ് ആവശ്യപ്പെടുന്നത്. 'ശക്തി പ്രകടനത്തിലൂടെ സമാധാനം' എന്ന ട്രംപ് നയം യുക്രെയിനില്‍ സമാധാനം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി സെലന്‍സ്കി പറയുന്നു. എന്നാൽ യുക്രെയ്ന് ആയുധ സഹായം നല്‍കിയ ബെെഡന്‍റെ നീക്കത്തെ വിമർശിച്ചയാളാണ് ട്രംപ്. ഭരണം കിട്ടിയാല്‍ ഈ വിഷയത്തില്‍ പുനർ വിചിന്തനം നടത്തുമെന്ന് പറഞ്ഞയാള്‍. വെടിനിർത്തലിലേക്ക് എത്താന്‍ റഷ്യ അവകാശപ്പെടുന്ന പ്രദേശങ്ങള്‍ വിട്ടുകൊടുക്കേണ്ടിവരുമെന്നാണ് ട്രംപ് കഴിഞ്ഞവർഷം റോയിട്ടേഴ്സിനോട് പറഞ്ഞത്. ഇത് യുക്രെയ്ന്‍ അംഗീകരിക്കില്ല. യുക്രെയ്നെ പിന്തുണയ്ക്കുന്ന നാറ്റോയോടും ട്രംപ് അകല്‍ച്ചയിലാണ്. നാറ്റോ പരാജയമാണെന്ന് കാലങ്ങളായി പറയുന്ന ട്രംപ്, സെെനിക ചെലവ് വഹിക്കാന്‍ സഖ്യകക്ഷികള്‍ തയ്യാറാകാത്ത പക്ഷം, ഫണ്ടിംഗില്‍ നിന്ന് പിന്മാറുമെന്ന് മാത്രമല്ല, റഷ്യയ്ക്ക് എന്ത് നടപടിക്കും അവസരം കൊടുത്ത് മാറിനില്‍ക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.


ട്രംപ് ജയം ഇസ്രായേലിനെ ശക്തമാക്കാന്‍?

കമലാ ഹാരിസ് ജയിച്ചാല്‍ ഇസ്രായേല്‍ ഉന്മൂലനം ചെയ്യപ്പെടുമെന്നായിരുന്നു ട്രംപിന്‍റെ വാദം. പകരം, ട്രംപിനെ ജയിപ്പിക്കാന്‍ ഉത്സാഹിച്ചവരില്‍ പ്രധാനി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും. നിലവിലെ ആയുധസഹായം തുടരും എന്നുമാത്രല്ല, ഇസ്രായേലിനോട് കൂടുതല്‍ അയഞ്ഞ സമീപനമായിരിക്കും ട്രംപ് ഭരണത്തിലെന്ന് നിരീക്ഷകർ കരുതുന്നു. മനുഷ്യാവകാശ ലംഘനങ്ങളില്‍ പരിമിതമായെങ്കിലും ബെെഡന്‍ സർക്കാരിന് കീഴില്‍ അമേരിക്ക ചെലുത്തിവന്ന സമ്മർദ്ദങ്ങളെക്കൂടി ഇത് ഇല്ലാതാക്കും. പലസ്തീനിലും ലെബനനിലും യുദ്ധമുഖം തുറന്നിട്ട റഷ്യയ്ക്ക് ഹമാസിനെ മാത്രമല്ല, ഇറാനെ നേരിടാന്‍ വരെ പിന്തുണ അമേരിക്കയില്‍ നിന്ന് ലഭിക്കുമെന്നാണ് ട്രംപിന്‍റെ വാഗ്ദാനം. എന്നാൽ 2018ൽ ടെഹ്‌റാനുമായുള്ള ആണവ കരാർ ഉപേക്ഷിച്ച അമേരിക്കയ്ക്ക് അതിനുശേഷം ആണവ പ്രവർത്തനങ്ങൾ ശക്തമാക്കിയ ഇറാനെ നേരിടുന്നതില്‍ തിടുക്കം കാണിക്കുന്നത് ഗുണകരമാകില്ല എന്ന് ട്രംപിനറിയാം.

ചൈനയുമായി വ്യാപാരയുദ്ധം?

ട്രംപ് ഭരണത്തിന് കീഴില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകള്‍ വ്യാപാര യുദ്ധത്തിലേക്ക് പോകുമോയെന്ന ഭയത്തിലാണ് സാമ്പത്തിക വിദഗ്ദർ. ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതി 60 ശതമാനത്തിലേക്ക് കുത്തനെ വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം, അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് തന്നെ തിരിച്ചടിയാവും. കഴിഞ്ഞ ഭരണകാലയളവിനേക്കാള്‍ നിലപാട് കടുപ്പിക്കുമെന്ന് അവകാശപ്പെടുമ്പോഴും, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗിനെ ഉരുക്ക് മുഷ്ടിയുള്ള ഭരണാധികാരിയെന്ന് പുകഴ്ത്താനും ട്രംപ് മടിക്കുന്നില്ല.

ഫ്രണ്ട് ആയി തുടരുമോ ട്രംപ്?

ചെെനയുടെ കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ട്രംപിന്‍റെ സുഹൃത്താണെങ്കിലും വ്യാപാര നയങ്ങളില്‍ ട്രംപിന്‍റെ സമീപനം അത്ര തുറന്നതായിരിക്കില്ലെന്നാണ് സൂചനകള്‍. ഇന്ത്യ അമേരിക്കയുടെ വ്യാപാരനയങ്ങളുടെ പ്രധാന ചൂഷകരാണ് എന്ന തെരഞ്ഞെടുപ്പ് കാലത്തെ ആരോപണം ഇതിന് തെളിവാണ്. ആഭ്യന്തര ഉത്പാദനത്തില്‍‌ കേന്ദ്രീകരിച്ചും, കയറ്റുമതി നികുതിയില്‍ ഇളവുകള്‍ കൊടുത്തും ആഗോള വിപണിയെ പിടിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ചെറുക്കുമെന്ന് ട്രംപ് പറയാതെ പറഞ്ഞിട്ടുണ്ട്. ട്രംപിന്‍റെ കുടിയേറ്റ നയം നാടുകടത്തുന്നവരില്‍ ഇന്ത്യന്‍ കുടിയേറ്റക്കാരുമുണ്ടായാല്‍ അതും ഇപ്പോഴത്തെ നയതന്ത്ര സൌഹൃദത്തില്‍ വിള്ളലാകും. അതുകൊണ്ടുതന്നെ ജനുവരിയില്‍ അധികാരമേറ്റെടുക്കുന്നതു വരെയുള്ള ട്രംപിന്‍റെ നീക്കങ്ങള്‍ വ്യാപാര പങ്കാളികളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

SCROLL FOR NEXT