NEWSROOM

യുഎസ് തെരഞ്ഞെടുപ്പില്‍ താരമായ 'ജീനിയസ്'; ട്രംപിന്‍റെ രണ്ടാം വരവില്‍ ഇലോണ്‍ മസ്കിന്‍റെ പ്രതീക്ഷകള്‍ എന്തൊക്കെ?

2022ലാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികള്‍ക്ക് വോട്ട് ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക്  ആദ്യമായി പരസ്യ പ്രസ്താവന നടത്തുന്നത്

Author : ന്യൂസ് ഡെസ്ക്

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രംപിന്‍റെ വിജയത്തിനു പിന്നാലെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് സ്‌പേസ് എക്‌സ്, ടെസ്‌ല, സമൂഹ മാധ്യമമായ എക്‌സ് എന്നിവയുടെ ഉടമയായ ഇലോൺ മസ്‌ക്. ഫ്ലോറിഡയിലെ പാം ബീച്ചില്‍ വിജയം ഉറപ്പിച്ചതിനു ശേഷമുള്ള ആദ്യ പ്രസംഗത്തിൽ ലോകത്തിലെ ഏറ്റവും ധനികരില്‍ ഒരാളായ മസ്കിനോടുള്ള നന്ദി ട്രംപ് രേഖപ്പെടുത്തിയിരുന്നു. 'മസ്കാണ് താരം' എന്ന് പറഞ്ഞ ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മസ്‌കിൽ നിന്ന് ലഭിച്ച മികച്ച പിന്തുണയെപ്പറ്റി വാചാലനായി. എന്താണ് യുഎസ് തെരഞ്ഞെടുപ്പില്‍ മസ്ക് നടത്തിയ ഇടപെടലുകള്‍? എങ്ങനെയാണ് ഈ വ്യവസായി യുഎസ് തെരഞ്ഞെടുപ്പിലെ താരമായത്?

2022ലാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികള്‍ക്ക് വോട്ട് ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക്  ആദ്യമായി പരസ്യ പ്രസ്താവന നടത്തുന്നത്.  പിന്നീട് 2024ല്‍ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് പ്രൈമറികളിൽ വിവേക് ​​രാമസ്വാമിക്ക് പിന്തുണ അറിയിച്ചു. എന്നാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ പിന്തുണ ട്രംപിനായി. ഇതിനു മുന്‍പത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളില്‍ ബറാക്ക് ഒബാമ (2008), ഹിലരി ക്ലിന്‍റണ്‍ (2016), ജോ ബൈഡന്‍ (2020),  എന്നിവരെ പിന്തുണച്ചിരുന്നതായും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. 

പല വിഷയങ്ങളിലും സമാനമായ കാഴ്ചപാടാണ് മസ്കിനും ട്രംപിനുമുള്ളത്. സാർവത്രിക അടിസ്ഥാന വരുമാനം, തോക്ക് കൈവശംവെയ്ക്കാനുള്ള അവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, കാർബൺ ബഹിർഗമനത്തിന് നികുതി, സർക്കാർ സബ്‌സിഡികൾ എന്നീ നയങ്ങളുടെ വക്താവാണ് മസ്ക്. അനധികൃത കുടിയേറ്റത്തിന്‍റെ രൂക്ഷ വിമർശകനുമാണ് ഇലോണ്‍ മസ്ക്.

ട്രംപിനായി പണമിറക്കിയ മസ്ക്

2024 തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രചരണത്തിനായി ഭീമമായ തുകയാണ് ഇലോണ്‍ മസ്ക് ചെലവഴിച്ചത്. ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം, പ്രചരണത്തിന്‍റെ അവസാന മൂന്ന് മാസം മാത്രം മസ്ക് ചെലവാക്കിയത് 75 മില്യണ്‍ ഡോളറാണ്. അമേരിക്ക പിഎസി എന്ന 'സൂപ്പർ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി' മുഖാന്തരമാണ് മസ്ക് പ്രചരണത്തിന് പണമിറക്കിയത്. യുഎസ് തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് സ്ഥാനാർഥികള്‍ക്കായി ഫണ്ട് സ്വരൂപിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഇത്തരം പിഎസികളും സൂപ്പർ പിഎസികളുമാണ്. കോർപ്പറേഷനുകൾ, യൂണിയനുകൾ, അസോസിയേഷനുകൾ, വ്യക്തികൾ എന്നിവരിൽ നിന്ന് പരിധിയില്ലാത്ത തുക സമാഹരിക്കാനും സ്ഥാനാർഥികൾക്ക് അനുകൂലമായോ പ്രതികൂലമായോ പരിധിയില്ലാത്ത തുകകൾ ചെലവഴിക്കാനും സാധിക്കുന്ന കമ്മിറ്റികളാണ് സൂപ്പർ പിഎസി. തെരഞ്ഞെടുപ്പില്‍ നിർണായകമായ സ്വിങ് സ്റ്റേറ്റുകളിലാണ് അമേരിക്ക പിഎസി ജൂലൈ മുതല്‍ സെപ്റ്റംബർ വരെ മസ്ക് നല്‍കിയ തുക ചെലവഴിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുഎസിലെ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ട്രംപാണ് വിജയിച്ചത് എന്നത് ഈ സംഭാവനകളുടെ പ്രാധാന്യം വർധിപ്പിക്കുന്നു.

ട്രംപിന് അനുകൂലമായി പ്രവർത്തിക്കുന്ന മറ്റ് സൂപ്പർ പിഎസികളേക്കാള്‍ കൂടുതല്‍ തുകയാണ്, അമേരിക്ക പിഎസി വഴി ഇലോണ്‍ മസ്ക് ചെലവഴിച്ചിരിക്കുന്നത്. മൊത്തത്തില്‍ 119 മില്യണ്‍ ഡോളറാണ് തെരഞ്ഞെടുപ്പില്‍‌ ട്രംപിനായി മസ്ക് സംഭാവന ചെയ്തത്. സാമ്പത്തിക സഹായം നൽകുന്നതിനു പുറമേ, എക്സിൽ ട്രംപ് അനുകൂല പ്രചരണവും മസ്‌ക് നടത്തി. ട്രംപിനെ പിന്തുണയ്ക്കുന്ന നിവേദനത്തിൽ ഒപ്പുവെക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസവും പത്തു ലക്ഷം ഡോളർ നൽകുമെന്ന വാഗ്ദാനവും മസ്ക് വോട്ടർമാർക്ക് മുന്നില്‍വച്ചു. ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലായിരുന്നു മസ്കിൻ്റെ ഈ പരാമർശം. ഇപ്പോൾ, ട്രംപിന്‍റെ രണ്ടാം പ്രസിഡൻസിയില്‍ മന്ത്രിസഭയുടെ ഭാഗമാകാനായുള്ള വിളിയും കാത്തിരിക്കുകയാണ് മസ്ക്.

ട്രംപിന്‍റെ രണ്ടാം വരവില്‍ മസ്കിനുള്ള നേട്ടങ്ങളും കോട്ടങ്ങളും

ട്രംപിൻ്റെ ഭരണത്തിനു കീഴില്‍ വ്യവസായ ഭീമനായ ഇലോണ്‍ മസ്‌ക് നിരവധി നേട്ടങ്ങളും കോട്ടങ്ങളും അഭിമുഖീകരിക്കാനിടയുണ്ട്. തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ വന്നതിനു പിന്നാലെ പ്രീമാർക്കറ്റ് ട്രേഡിൽ, മസ്‌കിൻ്റെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയുടെ (ടിഎസ്എൽഎ) ഓഹരികൾ 12 ശതമാനമാണ് ഉയർന്നത്. മസ്‌കിൻ്റെ പബ്ലിക് ഹോൾഡിങ്സുകള്‍ക്കും ട്രംപിൻ്റെ വിജയം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ഇതാണ് ടെസ്‌ല ഓഹരികളുടെ മൂല്യത്തിൽ 12 ബില്യൺ ഡോളറിലധികം വർധനക്ക് കാരണമായത്. മസ്ക് ട്രംപിന് നൽകിയ 119 മില്യൺ ഡോളറിൻ്റെ 10,000 മടങ്ങ് അധികമാണ് ഈ തുക. എന്നിരുന്നാലും, ട്രംപിൻ്റെ വിജയത്തില്‍ ചില അപകടസാധ്യതകളും ടെസ്‌ല നേരിടുന്നുണ്ട്.

മസ്‌കിൻ്റെ വമ്പിച്ച സമ്പത്തില്‍ ഒരു പ്രധാന പങ്ക് സ്‌പേസ് എക്‌സും ടെസ്‌ലയും പോലെയുള്ള സംരംഭങ്ങള്‍ക്ക് വർഷങ്ങളായി ലഭിച്ചുവരുന്ന സർക്കാർ സഹായമാണ്.  ട്രംപിന്‍റെ ഭരണത്തിനു കീഴില്‍ ഇലക്ട്രിക് കാറുകൾക്കുള്ള സർക്കാർ സഹായങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍,  ഇത് ടെസ്‌‌‌ലയെ ബാധിക്കില്ലെന്നാണ് മസ്കിന്‍റെ വാദം. മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സർക്കാർ പിന്തുണ കുറയുന്ന സാഹചര്യത്തിൽ ടെസ്‌ലയ്ക്ക് ലാഭമുണ്ടാകാനിടയുണ്ടെന്നും മസ്ക് പറഞ്ഞുവെയ്ക്കുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കെതിരെ ട്രംപ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇലക്‌ട്രിക് കാറുകൾക്ക് വില കൂടുതലും വൈവിധ്യം കുറവുമാണെന്നും അവ അമേരിക്കൻ വാഹന വ്യവസായത്തെയും തൊഴിലവസരങ്ങളെയും നശിപ്പിക്കുമെന്നുമായിരുന്നു ട്രംപിന്‍റെ ആരോപണം. ഇവികൾ നിർമിക്കുന്നതിനും വാങ്ങുന്നതിനും സർക്കാർ പിന്തുണ വാഗ്ദാനം ചെയ്യുന്ന 'ബൈഡൻ്റെ ഇവി മാൻഡേറ്റ്' എന്ന നടപടി നീക്കം ചെയ്യുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Also Read: ഉഷ വാന്‍സ്; യുഎസ് സെനറ്റിലേക്ക് സെക്കന്റ് ലേഡിയായി തീരുമാനിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിതയെ കുറിച്ചു അറിയാം

ബൈഡന്‍ ഭരണകൂടത്തിന്‍റെ ഇവി അനുകൂല നടപടികള്‍ എല്ലാം ട്രംപ് അവസാനിപ്പിക്കുമെന്ന് തന്നെയാണ് വ്യവസായ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ഇവി വാങ്ങുന്നവർക്ക് ടാക്സ് ക്രെഡിറ്റ് നല്‍കുന്നതില്‍ ട്രംപ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കും. യുഎസ് കോൺഗ്രസിന് മേൽ റിപ്പബ്ലിക്കന്‍ പാർട്ടിക്ക് പൂർണ നിയന്ത്രണം ലഭിച്ചാൽ ക്രെഡിറ്റ് പൂർണമായും നിർത്തലാക്കുന്നതിന് ട്രംപ് നിയമനിർമാണവും നടത്തിയേക്കാം. ടാക്‌സ് ക്രെഡിറ്റ് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നാണ് മസ്‌ക് പറയുന്നത്. കാരണം ഇവി വിപണിയിലേക്ക് മുന്‍നിര വാഹന നിർമാതാക്കള്‍ പ്രവേശിക്കാനും മത്സരം വർധിപ്പിക്കാനും ഇത് സാഹചര്യമൊരുക്കുമെന്ന തലത്തിലാണ് ടെസ്‌ല ഇതിനെ കാണുന്നത്.

അതേസമയം, മസ്കിന്‍റെ റോബോ ടാക്സികള്‍ എന്ന ആശയത്തോട് അനുഭാവപൂർവമായ സമീപനമാണ് ട്രംപിനുള്ളത്. വാഹനമോടിക്കാന്‍ ഒരു ഡ്രൈവറുടെ ആവശ്യമില്ലാത്ത സമ്പൂർണ ഓട്ടമേറ്റഡ് വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുക എന്നത് ഇലോണ്‍ മസ്കിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഈ സംവിധാനം പൂർണ തോതില്‍ പ്രവർത്തന സജ്ജമായിട്ടില്ല. ടെസ്‌ലയുടെ സെൽഫ്-ഡ്രൈവിങ് സോഫ്‌റ്റ്‌വെയർ സംവിധാനങ്ങളില്‍ റോഡ് സുരക്ഷ നിയന്ത്രണ ചുമതലയുള്ള യുഎസ് ഏജൻസി കഴിഞ്ഞ മാസം അന്വേഷണം ആരംഭിച്ചിരുന്നു.  ഈ അന്വേഷണവും ട്രംപ് ഭരണത്തില്‍ മസ്കിനു അനുകൂലമായി തീർന്നേക്കാം.

ട്രംപിൻ്റെ വിജയവും സ്പേസ് എക്സും 

ഇലോണ്‍ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സാങ്കേതിക സ്ഥാപനമായ സ്‌പേസ് എക്‌സിന് യുഎസ് ഗവൺമെൻ്റുമായി നിലവില്‍ വലിയ തോതില്‍ ബന്ധങ്ങളില്ല. എന്നാല്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും തിരിച്ചും മനുഷ്യരെ കൊണ്ടുപോകാൻ നാസ ഉപയോഗിക്കുന്ന ബോയിങ് സ്പേസ് ഷിപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്നങ്ങള്‍ ടെസ്‌ലയ്ക്ക് സാധ്യതകള്‍ ഒരുക്കുന്നു. ടെസ്‌ലയുടെ പ്രധാന എതിരാളികളാണ് ബോയിങ്. ബോയിങ്ങിനു പകരം ടെസ്‍ലയെ ട്രംപ് അവതരിപ്പിക്കുമോ എന്നതില്‍ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ല. പക്ഷേ, അങ്ങനെയൊരു സാധ്യത നിലനില്‍ക്കുന്നതായാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ട്രംപിന്‍റെ നാവായി മാറിയ എക്സ്

2024 തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത്, മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ സ്ഥാപനമായ എക്‌സിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപണങ്ങള്‍ ഉയർന്നിരുന്നു. ഡെമോക്രാറ്റുകളിൽ നിന്നാണ് ഇത്തരം ആരോപണങ്ങള്‍ പ്രധാനമായും ഉയർന്നത്. എന്നാല്‍, ബൈഡന്‍ ഭരണത്തിനു കീഴിലും ഇത് തടയാനുള്ള ശ്രമം സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല.  ഒരുപക്ഷെ ട്രംപ് ഭരണകൂടവും ഉദാസീനമായ നടപടിയായിരിക്കും വിഷയത്തില്‍ കൈക്കൊള്ളുക.  കാരണം, അത്ര കണ്ട് ട്രംപിനായി എക്സ് അല്‍ഗോറിതം അല്ലെങ്കില്‍ ഇലോണ്‍ മസ്ക്  പ്രവർത്തിച്ചിട്ടുണ്ട്.

Also Read: ട്രംപ് വിരോധിയായിരുന്ന വൈസ് പ്രസിഡന്‍റ്; ആരാണ് ജെ.ഡി. വാന്‍സ്?

'ജീനിയസ്' എന്ന് ഡൊണാള്‍ഡ് ട്രംപ് തന്‍റെ വിജയ പ്രസംഗത്തില്‍ വിശേഷിപ്പിച്ച മസ്കിന് ഇനിയുള്ള ദിവസങ്ങള്‍ പ്രധാനപ്പെട്ടതാണ്. മില്യണ്‍ കണക്കിനു പണം മുടക്കിയതിന്‍റെ ഗുണഫലം ട്രംപ് ഭരണത്തിനു കീഴില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മസ്കും നിക്ഷേപകരും. കോർപ്പറേറ്റുകളുടെയും സമ്പന്നരുടെയും മേലുള്ള നികുതി കുറയ്ക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപിച്ചിരുന്നു. നിയുക്ത പ്രസിഡന്‍റ് ഈ വാഗ്ദാനം പാലിക്കുമെന്ന പ്രതീക്ഷയിലാണ് ഇലോണ്‍ മസ്‌ക്.

SCROLL FOR NEXT